
വിഴിഞ്ഞം: മകളുടെ ഫോണിലേക്ക് വിളിച്ച് വധഭീഷണി മുഴക്കിയശേഷം വീട്ടിലെത്തി ഭാര്യയെയും മകളെയും ഡീസലൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം.വിഴിഞ്ഞം മുല്ലൂർ തലക്കോട് ഭാഗത്തുണ്ടായ സംഭവത്തിൽ തലക്കോട് മുരുകൻ ക്ഷേത്ര റോഡിൽ വാഴവിള കൃഷ്ണാലയത്തിൽ എസ്.രാധാകൃഷ്ണനെ (50) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ച് ഇയാൾ പതിവായി ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗാർഹികപീഡന പരാതിയിൽ പ്രതിക്ക് വീട്ടിലേക്ക് കയറുന്നത് വിലക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറിയത്.തുടർന്ന് മുറിക്കുള്ളിലേക്ക് ഡീസൽ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവസമയം മുറിയിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയും മകളും ഓടി മറ്റൊരു മുറിയിൽ കയറിയെങ്കിലും പ്രതി ആ മുറിയുടെ ജനാലയും തകർത്ത് ഡീസൽ ഒഴിച്ച് തീ കൊളുത്തി. ഇതോടെ ഭയന്ന അമ്മയും മകളും വീട്ടിലെ ടോയ്ലെറ്റിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവരുടെ മകൻ സ്കൂളിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സുമെത്തി തീ അണച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മകളുടെ ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയ ശേഷമാണ് പ്രതി ഡീസലുമായി വീട്ടിലെത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. മുറിക്കുള്ളിലെ കർട്ടനും പ്ലാസ്റ്റിക് ബക്കറ്റുകളും കത്തി നശിച്ചു.10 ദിവസം മുൻപും പ്രതി ഇവിടെയെത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചപ്പോൾ മകൻ വരുന്നത് ഇയാൾ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
ഇന്നലെയും സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി,എസ്.ഐ ജി.വിനോദ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പിടികൂടിയത്. വധശ്രമത്തിനുൾപ്പെടെയാണ് കേസ്. ഇന്ന് ഫോറൻസിക് വിദഗ്ദ്ധർ വീട്ടിലെത്തി തെളിവ് ശേഖരിക്കും.