binoy-vishwam

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ അത് ഇന്ത്യാ മുന്നണിയെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കേണ്ടത് കോൺഗ്രസ് തന്നെയാണെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം കേരളകൗമുദിയോട് പറ‌ഞ്ഞു. പ്രസക്തഭാഗങ്ങളിൽ നിന്ന്:-

?​കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്ക് പ്രാധാന്യമുണ്ടോ

വ്യക്തികളല്ല പ്രധാനം. വ്യക്തികൾക്ക് മേലെയാണ് ജനങ്ങൾ എന്നതാണ് കമ്മ്യൂണിസ്റ്റ് ആശയം.

?​ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും കാനത്തിൽ നിന്ന് പാർട്ടി സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് നൽകാത്തതെന്താണ്

കാനം പ്രഗത്ഭനായ നേതാവാണ്. ഞങ്ങൾ കാത്തിരിക്കുന്നത് ആരോഗ്യവാനായി തിരിച്ചുവരുന്ന കാനത്തെയാണ്. അദ്ദേഹത്തിന് മാറാരോഗമല്ല. കാൽപാദം മുറിച്ചു മാറ്റിയിട്ടുണ്ട്. മൂന്നുമാസം കൊണ്ട് കൃത്രിമപാദം വച്ചുപിടിപ്പിച്ച് സഞ്ചരിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

?​സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി താങ്കൾ വരുമെന്ന് കേൾക്കുന്നു

അത് അന്തരീക്ഷത്തിൽ മാത്രമുള്ള കാര്യമാണ്. പാർട്ടി വേദികളിൽ ചർച്ചക്കെടുത്തിട്ടില്ല.

?​സി.പി.ഐ മന്ത്രിമാരെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടല്ലോ

സി.പി.ഐയിലെ എല്ലാ മന്ത്രിമാരും മിടുക്കരും കഴിവുറ്റവരുമാണ്. അഴിമതിയുടെ കളങ്കം ബാധിച്ചവരല്ല. സാമ്പത്തിക പ്രതിസന്ധി അവരുടെ വകുപ്പുകളെയും ബാധിക്കുന്നു. കേരളത്തിന് അവകാശപ്പെട്ടത് തരാൻ കൂട്ടാക്കാത്ത കേന്ദ്ര നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അത് മന്ത്രിമാരുടെ വീഴ്ചയല്ല.

?​സി.പി.ഐയിലെ 75 പ്രായപരിധി വേണ്ടിയിരുന്നോ

നേതൃതലങ്ങളിലേക്ക് യുവരക്തം വരണമെന്നും പാർട്ടിയുടെ സജീവത വർദ്ധിക്കണമെന്നുമുള്ള താത്പര്യത്തോടെയാണ് പാർട്ടി കോൺഗ്രസ് ഈ തീരുമാനമെടുത്തത്. അതിന്റെ ഗുണദോഷങ്ങൾ വരുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിക്കും.

?​80 വയസ് കഴിഞ്ഞാണ് വി.എസ് മുഖ്യമന്ത്രിയായത്

അതേ. പക്ഷേ വി.എസിന്റെ പാർട്ടിയാണ് ആദ്യമായി ഇന്ത്യയിൽ 75 വയസ് പ്രായപരിധി പ്രഖ്യാപിച്ചത്.

?​നവകേരളസദസ് ധൂർത്താണെന്ന വിമർശനത്തെ എങ്ങനെ കാണുന്നു

അംഗീകരിക്കുന്നില്ല. സദസിന്റെ വിജയം കണ്ട രാഷ്ട്രീയ കേന്ദ്രങ്ങളായിരിക്കാം ധൂർത്തെന്ന മുദ്രകുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്.

?​അഴിമതിരഹിത മുഖമുള്ള സി.പി.ഐയിൽ അഴിമതിക്കാർ കൂടുന്നുണ്ടോ

സി.പി.ഐയ്ക്ക് അഴിമതിയുടെ മുഖമില്ല. അതാകാനും പാടില്ല. ദുഷ്പ്രവണതകളിൽ ചിലയാളുകൾ വീണുപോയേക്കാം. പാർട്ടിക്ക് സംശുദ്ധിയും ആശയവ്യക്തതയും ഉയർത്തിപ്പിടിച്ചേ മുന്നോട്ടു പോകാനാവൂ. അതിന് ആര് കളങ്കമുണ്ടാക്കിയാലും അംഗീകരിക്കില്ല.

?​ഇന്ത്യ മുന്നണിയിൽ ഒരുമിച്ച് നിൽക്കുമ്പോൾ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നു

ആർ.എസ്.എസ്- ബി.ജെ.പി ദർശനങ്ങളെ തോൽപ്പിക്കലാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യലക്ഷ്യം. ബി.ജെ.പിക്ക് ജയിക്കാൻ കഴിയാത്ത കേരളത്തിലല്ല ഈ സമരത്തിന്റെ കുന്തമുന കേന്ദ്രീകരിക്കേണ്ടത്. വടക്കേ ഇന്ത്യയിൽ നിന്ന് സമരഭൂമി ഇങ്ങോട്ട് മാറ്റാനുള്ള നീക്കം കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്ന് അവർ തീരുമാനിക്കണം. രാഹുലിനോട് സ്‌നേഹവും ആദരവുമുണ്ട്. അദ്ദേഹത്തിന് രാജ്യത്തെവിടെയും മത്സരിക്കാം. പക്ഷേ കോൺഗ്രസിന്റെ രാഷ്ട്രീയ ബുദ്ധിയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്.

65കാരനായ ബിനോയ് വിശ്വം വൈക്കം സ്വദേശിയാണ്. പാർട്ടി മുഖപത്രമായ ന്യൂഏജിന്റെ പത്രാധിപരാണ്. പത്തു വർഷം എം.എൽ.എയായിരുന്ന നാദാപുരം സ്വന്തം നാട് പോലെ പ്രിയപ്പെട്ടത്.