
കേരളത്തെയാകെ ഉത്കണ്ഠയുടെ മുൾമുനയിൽ നിറുത്തിയതാണ് പൂയപ്പള്ളിക്ക് സമീപത്തുനിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം. പൊലീസും മാദ്ധ്യമങ്ങളും നാട്ടുകാരും ആ കുട്ടിയെ കണ്ടെത്തുന്നതിനായി ഒരുപോലെ രംഗത്തിറങ്ങിയ അപൂർവ സംഭവം കൂടിയാണിത്. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേദിവസം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയതോടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മാത്രമല്ല കേരളത്തിലെ ഓരോ കുടുംബത്തിനും ആശ്വാസത്തിന്റെ നെടുവീർപ്പിടാനായി. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നത് വ്യക്തമാകാൻ രണ്ടുദിവസം കൂടി വേണ്ടിവന്നു. ഇതിനിടയിൽ പല കഥകളും നാട്ടിൽ പരന്നു. ഓരോ നിമിഷം പിന്നിടുന്തോറും ദുരൂഹതകൾ കൂടിവരികയും ചെയ്തു. പൊലീസ് സംഘം നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതികളായ മൂന്നംഗ കുടുംബത്തെ കുടുക്കിയത്. പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണിതെന്നതിൽ സംശയമില്ല. ഏതു കാര്യത്തിലും പൊലീസിനെ കുറ്റപ്പെടുത്താൻ കാണിക്കുന്ന ആവേശം അവർ നല്ല കാര്യങ്ങൾ ചെയ്താൽ അഭിനന്ദിക്കാൻ നാട്ടുകാർ കാണിക്കാറില്ല. നല്ല പൊലീസുകാർ കുറ്റപ്പെടുത്തലും നോക്കിയല്ല ജോലിചെയ്യുന്നത്. അവർ അവരുടെ ഡ്യൂട്ടി ആത്മാർത്ഥമായി പൂർത്തിയാക്കാനാണ് ശ്രമിക്കാറുള്ളത്. ഇതിനിടയിൽ സ്വാഭാവികമായും ചില വീഴ്ചകളും ഉണ്ടാകാം. അതിന്റെ പേരിൽ പൊലീസിന് നേരെ ഉണ്ടാകുന്ന മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ശരിയായ കാര്യമല്ല. കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കുന്ന കാര്യത്തിൽ മുൻനിരയിൽ തന്നെയാണ് കേരള പൊലീസ് എന്ന് തെളിയിച്ച സംഭവം കൂടിയാണിത്. അന്വേഷണത്തിന്റെ മുഖ്യ മേൽനോട്ടം വഹിച്ച ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ.അജിത് കമാർ, ഐ.ജി.സ്പർജൻ കുമാർ, ഡി.ഐ.ജി നിശാന്തിനി വിപുലമായ അന്വേഷണ ടീമിൽ ഉണ്ടായിരുന്ന കൊല്ലം റൂറൽ അഡീഷണൽ എസ്.പി ആർ.പ്രതാപൻ നായർ, പൂയപ്പള്ളി സി.ഐ.എസ്.ടി.ബിജു എന്നിവരടക്കം എല്ലാവരെയും അഭിനന്ദിക്കുന്നു.
തട്ടിക്കൊണ്ടുപോകൽ കേസിൽ മുഖ്യ പ്രതി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെങ്കാശിയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം പുറത്തുവന്ന ഉടനെ തന്നെ മാദ്ധ്യമങ്ങൾ ആ വിവരം കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിച്ചു. ഇതോടെ ജനങ്ങൾ ഒന്നടങ്കം ജാഗരൂകരായി. കുട്ടിയുമായി തട്ടിക്കൊണ്ടുപോകൽ സംഘത്തിന് നാട് വിടാനുള്ള സാദ്ധ്യത പൂർണമായും അടച്ചത് ഈ ജന ജാഗ്രതയാണ്. കുട്ടിയുമായി പൊതുസ്ഥലത്തുവച്ച് പിടിക്കപ്പെട്ടാൽ തങ്ങളുടെ ജീവൻ പോലും അപകടത്തിലാവും എന്ന തിരിച്ചറിവിൽ നിന്നാണ് അവർ കുട്ടിയെ ഉപേക്ഷിച്ചു കടന്നത്. രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോകാനാണ് ഇവർ എത്തിയത്. ആൺകുട്ടി ഇവരുടെ ശ്രമം ചെറുത്തതിനാലാണ് രക്ഷപ്പെട്ടത്. ആ നിമിഷം മുതലാണ് സംഘത്തിന്റെ പദ്ധതി പാളാൻ തുടങ്ങിയത്. തട്ടിക്കൊണ്ട് പോയ കുട്ടിയുടെ പിതാവിനെതിരെയും പല ആരോപണങ്ങളും ഇതിനിടയിൽ പരക്കുകയുണ്ടായി. എന്നാൽ യാതൊരു ബന്ധവുമില്ലെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ മുഖവിലയ്ക്കെടുക്കേണ്ടതാണ് ,എന്നാലും നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. ഈ കുട്ടിയെ തന്നെ തട്ടിക്കൊണ്ടുപോകാൻ എന്തുകൊണ്ട് അവർ പദ്ധതിയിട്ടു എന്നതാണ് അതിൽ മുഖ്യം. പത്തുലക്ഷം രൂപ ലഭിച്ചാൽ തീരുന്നതല്ല പത്മകുമാറിന്റെ കടമെന്നും കടം തീർക്കാൻ മറ്റ് വഴികൾ തേടാനുള്ള ആസ്‌തി അയാൾക്ക് ഉണ്ടായിരുന്നതും സംശയങ്ങൾ ഉണർത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിനെല്ലാം വ്യക്തത ഉണ്ടാകുമെന്ന് കരുതാം. എന്തിന്റെ പേരിലായാലും ആറുവയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ഹീനമായ കുറ്റകൃത്യം തന്നെയാണ്. അതിനാൽ മാതൃകാപരമായ ശിക്ഷ ഇവർക്ക് നൽകാൻ വേണ്ട നടപടികളാണ് ഇനി വേണ്ടത്.