spc

കാട്ടാക്കട: ഇന്ന് ഭിന്നശേഷി ദിനം. ഈ ദിവസത്തിൽ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കുറ്റിച്ചൽ പഞ്ചായത്തിൽ അഗസ്ത്യാർകൂട താഴ്വരയിൽ ഭിന്നശേഷി കുട്ടികളുടെ സംരക്ഷണത്തിനായി എസ്.ജി. സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ച് എസ്. ചന്ദ്രൻ മാതൃകയാകുന്നു. 2012ൽ സ്വന്തം മകൾ ഉൾപ്പെടെയുള്ള അഞ്ച് കുട്ടികളുമായി മാർബിൾ പണിക്കാരനായിരുന്ന ചന്ദ്രൻ തന്റെ സ്വന്തം വീട്ടിൽ ആരംഭിച്ചതാണ് എസ്.ജി.സ്പെഷ്യൽ സ്കൂൾ.

സ്കൂളിന്റെ നടത്തിപ്പിനായി എസ്.ജി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് സമൂഹത്തിലെ സുമനസുകളെ കൂടി സഹകരിപ്പിച്ചാണ് സ്കൂൾ മുന്നോട്ടുപോകുന്നത്. 10 വർഷം പിന്നിട്ടപ്പോൾ സ്വന്തമായി സ്ഥലവും കെട്ടിടവുമായി വളർന്ന് 106 കുട്ടികളും 24സ്റ്റാഫുകളുമുള്ള സ്ഥാപനമായി മാറി.

ശാരീരികവും ബുദ്ധിപരവുമായ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസം,​ വ്യത്യസ്ഥ തെറാപ്പികൾ,​ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരമൊരുക്കുക എന്നിവയാണ് എസ്.ജി.സ്പെഷ്യൽ സ്കൂൾ ലക്ഷ്യമിടുന്നതെന്ന് ചന്ദ്രൻ പറയുന്നു.

ശരാശരി മൂന്ന് വയസുമുതൽ 57വയസുവരെയുള്ള ഭിന്നശേഷിക്കാർ ഈ സ്കൂളിലുണ്ട്. കുറ്റിച്ചലും സമീപത്തെ ഏഴ് പഞ്ചായത്തുകളിൽ നിന്നുമുള്ള ഭിന്നശേഷി കുട്ടികൾ ഇപ്പോൾ ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്. നിലവിൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യം. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സുമനസുകളുടെ സഹായത്തോടെ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, മാനസികോല്ലാസം,ആരോഗ്യപരിപാലനം, ഭക്ഷണം എന്നിവയിൽ പ്രത്യേകം വൈഭവമുള്ള അദ്ധ്യാപകരുമുണ്ട്.

കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ചെലവും കൂടി. പലപ്പോഴായി ബാങ്കിൽ നിന്നെടുത്ത വായ്പ ജപ്തി രൂപത്തിലെത്തി.

ഇതറിഞ്ഞ സുമനസുകൾ ബാങ്ക് ബാദ്ധ്യത തീർത്തു. സ്കൂളിന് സ്വന്തമായി സ്ഥലം ലഭ്യമാക്കിയാൽ എൽ.ഐ.സി അവരുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് കെട്ടിടം നിർമ്മിക്കാമെന്നേറ്റു. സുമനസുകളുട സഹായത്തോടെ സ്ഥലം വാങ്ങിയപ്പോൾ എൽ.ഐ.സി വാക്കുപാലിച്ചു. തുടർന്ന് മുത്തൂറ്റ് ഗ്രൂപ്പും സ്കൂളിലെത്തി രണ്ടാം നിലയും യാഥാർത്ഥ്യമാക്കിക്കൊടുത്തു. ഇനിയും കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യത്തിനുള്ള കിടക്കകൾ,​ അടിസ്ഥാന സൗകര്യവികസനം,​ കളിസ്ഥലം എന്നിവ വേണം. സ്കൂളിന്റെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കുട്ടികളെ രാജ് ഭവനിലേക്ക് വിളിപ്പിച്ചു. അന്ന് കുട്ടികളുടെ ക്ഷണപ്രകാരം കുറ്റിച്ചൽ സ്കൂളിലെത്തിയ ഗവർണർ കുട്ടികളോടൊപ്പം നൃത്തംവച്ചും പാട്ടുപാടിയും മധുരം നൽകിയും ഏറെ സമയം ചെലവഴിച്ചു. കുട്ടികൾ മാജിക്കും വിവിധ കലാപരിപാടികളും ഗവർണർക്കുമുന്നിൽ അവതരിപ്പിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ചന്ദ്രന്റെ ഭാര്യ വി.ഷീബ സ്പെഷ്യൽ ബി.എഡ് എടുത്തു. മൂത്തമകൾ സാന്ദ്ര ഭിന്നശേഷി കുട്ടികൾക്കു വേണ്ടി ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സെടുത്ത് പഠിക്കുന്നു. രണ്ടാമത്തെ മകൾ ചന്ദന ഈ സ്കൂളിലെ വിദ്യാർത്ഥിയാണ്.