
നെയ്യാറ്റിൻകര: ടൗണിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്ക്കാരത്തിൽ വലഞ്ഞ് വാഹന കാൽനട യാത്രക്കാരും പ്രദേശവാസികളും. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവങ്ങളായതോടെ റോഡുകളിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിൽ ഗതാഗതപരിഷ്ക്കരണം സംബന്ധിച്ച് നഗരസഭയും ബന്ധപ്പെട്ട അധികാരികളും വഴിമുട്ടി. ടൗണിലെ റോഡുകളിൽ ഏത് വഴി എവിടേക്ക് തിരിയണമെന്നറിയാത്ത അവസ്ഥയിൽ വാഹനയാത്രക്കാർ. പൊതുവിൽ രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയുമാണ് ടൗണിൽ വൺവേ ഗതാഗതം നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് സമയക്രമത്തിൽ മാറ്റമുണ്ടാകും. ഈ സമയങ്ങളിൽ നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിലും ടി.ബി ജംഗ്ഷനിലും കയർകെട്ടിയും ബാരിക്കേഡു വച്ചുമാണ് വൺവേ സംവിധാനം നടപ്പാക്കുന്നത്. നെയ്യാറ്റിൻകര ടൗണിലും പരിസരത്തും അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും മുൻനിറുത്തി പ്രധാന പോയിന്റുകളിൽ സിഗ്നൽ സംവിധാനം നടപ്പാക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും പൊതുജനങ്ങളുടെയും ആവശ്യം. എന്നാൽ ഇതുസംബന്ധിച്ച് നടപടികൾ കൈക്കൊളളാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭയും തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
തിരക്കും പാർക്കിംഗും
തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ വശങ്ങൾ കയറിലും ബാരിക്കേഡിലും തട്ടുന്നതും നിത്യ സംഭവമാണ്. ടൗണിലേക്ക് പോകുന്ന വാഹനങ്ങൾ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ നിന്നു ആശുപത്രി ജംഗ്ഷൻ ആലുംമൂട് വഴി ബസ് സ്റ്റാൻഡിലേക്കും, കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിൽ നിന്ന് കാട്ടാക്കട റോഡിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്യുന്നത്.ആശുപത്രി ജംഗ്ഷനിലും തുടർന്ന് ആലുംമൂട് ജംഗ്ഷന് തൊട്ടു മുമ്പ് ഗേൾസ് സ്കൂളിന് സമീപത്തുമുള്ള ബസ് സ്റ്റോപ്പിലെ തിരക്കും സ്വകാര്യ, സമാന്തര വാഹനങ്ങളും സമീപത്തെ വഴിയോരക്കച്ചവടങ്ങളും കാർ, ആട്ടോ വാഹന പാർക്കിംഗും കൂടിയാകുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
അപകടങ്ങളും ഏറുന്നു
സമയം തെറ്റിയും നിശ്ചിത സമയത്തേക്കും മാത്രമായുള്ള വൺവേ പരിഷ്ക്കാരം വൻ അപകടങ്ങളാണ് നെയ്യാറ്റിൻകര ആലുംമൂട് ഭാഗത്ത് സംഭവിക്കുന്നത്. രാവിലെയുള്ള ഗതാഗതത്തിരക്കിൽ തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് വരെ ഇഴഞ്ഞ് വരികയും വൺവേ തിരിച്ചുവിടുന്ന ആലുംമൂട് ജംഗ്ഷൻ കഴിയുമ്പോൾ പിന്നീട് അമിത വേഗത്തിലാണ് ടി.ബി ജംഗ്ഷൻ കഴിഞ്ഞ് കടന്നുപോകുന്നത്. ഇത് ആലുംമൂടിനും ടി.ബി ജംഗ്ഷനും ഇടയ്ക്ക് നിരന്തരം അപകടങ്ങൾക്കിടയാക്കാറുണ്ട്. ഈ സ്ഥലങ്ങൾക്കിടയിൽ ഈഴക്കുളം റോഡ്, പനയറത്തല റോഡ് എന്നീ ഇടറോഡുകൾ സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിൽ നിന്ന് കയറിവരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് പലപ്പോഴും വൻ അപകടങ്ങൾക്കിടയാക്കുന്നത്.
ട്രാഫിക് ബോർഡുകൾ വേണം
കഴിഞ്ഞയാഴ്ച നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ ഇത്തരത്തിൽ ഇവിടെ ഇരുചക്രവാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞിരുന്നു. ട്രാഫിക് പരിഷ്ക്കാരം നടത്തുമ്പോൾ യുടേൺ ഇല്ലാത്തതും ദിശാസൂചനാ ബോർഡുകളോ വേഗപരിമിതി ബോർഡുകളോ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടില്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണം. ഈ ഭാഗത്ത് അപകടങ്ങൾ പതിവായിട്ടും യാതൊരു നടപടിയും കൈക്കൊള്ളാൻ അധികൃതർ തയാറായിട്ടില്ല.