
ഡിജിറ്റൽ വായനയുടെ ലോകത്തേക്ക് സമൂഹം ആഴ്ന്നിറങ്ങിയപ്പോഴും 194 വർഷത്തെ വായന പാരമ്പര്യത്തിന്റെ പകിട്ടോടെ നിലനിൽക്കുകയാണ് തലസ്ഥാനത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി (പബ്ളിക് ലൈബ്രറി). കൂടുതൽ ആളുകളുടെ വരവിൽ ലൈബ്രറി സജീവമാണ്.നിലവിൽ ഒരു ലക്ഷത്തിലധികം മെമ്പർഷിപ്പുണ്ട്. ഇതിൽ അറുപതിനായിരം പേർ സജീവമായി ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുക്കാറുണ്ടെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന പറഞ്ഞു.
രാജ്യത്തെ തന്നെ ആദ്യത്തെ പൊതു ഗ്രന്ഥശാലകളിലൊന്നാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി. സ്വാതി തിരുനാൾ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് 1829ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. ഇരുനിലകളിലായി സ്ഥാപിച്ചിരിക്കുന്ന ലൈബ്രറി സർക്കാർ ചുമതലയിലെ ആദ്യഗ്രന്ഥശാലയാണ്. ലൈബ്രറിയുടെ പുതിയ കെട്ടിടം വിക്ടോറിയ മഹാറാണിയുടെ വജ്രജൂബിലിയാഘോഷത്തിന്റെ സ്മാരകമായാണ് സ്ഥാപിച്ചത്.
മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ ലൈബ്രറിയിലെ ഉപദേശക സമിതി അംഗമായിരുന്നു. ഇംഗ്ലീഷ്,മലയാളം,ഹിന്ദി,തമിഴ്,സംസ്‌കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലായി ആറ് ലക്ഷത്തോളം പുസ്തകങ്ങളുടെ ശേഖരം ലൈബ്രറിയിലുണ്ട്. 1903 മുതലുള്ള സർക്കാർ ഗസറ്റുകൾ ഇവിടെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. പുസ്തകങ്ങൾ ഓൺലൈനായി റിസർവ് ചെയ്യാനാകും. കാഴ്ചപരിമിതരായവർക്ക് ബ്രെയ്ലി ലിപി സംവിധാനവും ഓഡിയോ ബുക്കുകളുമുണ്ട്. കൂടാതെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്.ബ്രിട്ടീഷ് ലൈബ്രറി പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ നൽകിയ ബുക്കുകൾ പ്രത്യേക സെഷനായി രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 30000 പുസ്തങ്ങളുണ്ട്.
എ,ബി,സി,ഡി.ഇ,എഫ് എന്നീ ക്ളാസുകളിലാണ് അംഗത്വം നൽകുന്നത്.ചേരുമ്പോൾ വാങ്ങുന്ന നിക്ഷേപത്തുക മെമ്പർഷിപ്പ് ക്ളോസ് ചെയ്യുമ്പോൾ തിരികെ നൽകും. ഭിന്നശഷിക്കാർക്ക് (ഇ ക്ളാസ്) നിക്ഷേപത്തുകയില്ല, അന്യസംസ്ഥാനക്കാർക്ക്(എഫ് ക്ളാസ്) 1500 രൂപയാണ് നിക്ഷേപത്തുക. നിക്ഷേപത്തുക ബ്രാക്കറ്റിൽ. എ ക്ളാസിന് (400 രൂപ) 5 പുസ്തകം, രണ്ട് വാരിക.ബി ക്ളാസ് (300 രൂപ) 3 പുസ്തകം 2 വാരിക. സി ക്ളാസ് (200 രൂപ) 2 പുസ്തകം ഒരു വാരിക. ഡി ക്ളാസ് (100) ഒരു പുസ്തകം ഒരു വാരിക എന്നിങ്ങനെയാണ് നൽകുന്നത്. അംഗത്വ ഫീസില്ല. പുസ്തകം തിരികെ കൃത്യസമയത്ത് നൽകാതിരുന്നതിലൂടെ അഞ്ച് വർഷംകൊണ്ട് 94 ലക്ഷം രൂപ ഫൈൻ ഇനത്തിൽ കിട്ടിയതായി പി.കെ.ശോഭന പറഞ്ഞു.