
കിളിമാനൂർ: പാതയോരങ്ങൾ അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, സ്റ്റാറുകൾ എന്നിവയാൽ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികൾ സജീവമായിത്തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. വില്പനയ്ക്ക് പുറമെ മിന്നിത്തിളങ്ങുന്ന കാഴ്ചകൾ കാണാനെത്തുന്നവരുടെ തിരക്കുമുണ്ട്. മഴത്തുള്ളി, ബൾബ്, ട്രീ തുടങ്ങിയ ലൈറ്റുകളാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ. 80 രൂപമുതലാണ് വില. കുട്ടികൾക്കായുള്ള ക്രിസ്മസ് പാപ്പാ മോഡൽ റാകളും വിപണിയിലെ താരങ്ങളാണ്. ബലൂണുകളുടെ വില 10 രൂപ മുതൽ ആരംഭിക്കുന്നു. ഇവയിൽ പാമ്പ് , ഫുട്‌ബാൾ മോഡൽ എന്നിവയുമുണ്ട്. തൊപ്പി വില 20ൽ ആരംഭിക്കുന്നു. റബ്ബർ മോഡൽ ക്രിസ്മസ് പാപ്പാ മുഖംമൂടി, മാസ്‌കുകൾ, ക്രിസ്മസ് പാപ്പാ ഉടുപ്പുകൾ തുടങ്ങിയവയുടെ വിപണനവും ആവേശത്തോടെ നടക്കുന്നുണ്ട്.
അന്യസംസ്ഥാനക്കാരും സജീവം
ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നും എത്തിയ തൊഴിലാളികൾ ക്രിസ്മസ് വിപണി കൊഴുപ്പിക്കുകയാണെന്ന് പറയാം. വ്യത്യസ്തത നിറഞ്ഞ പലവിധ സാന്താക്ലോസ് തൊപ്പികൾ, ചുവപ്പ് കോട്ടുകൾ, മുഖം മൂടികൾ തുടങ്ങിയവ ഇവർ വില്ക്കുന്നുണ്ട്. തൊപ്പിക്ക് 40 മുതൽ 50 രൂപവരെയാണ് വില. തൊപ്പിയോട് കൂടിയ മുഖംമൂടിക്ക് 150 രൂപയും. ക്രിസ്മസ് അപ്പൂപ്പന്റെ വേഷത്തിന് 300 മുതൽ 700 വരെയാണ് വില.