
തിരുവനന്തപുരം: ഉത്തരാഖണ്ഡ് ടണൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രസക്തിയുള്ള കണ്ടുപിടിത്തവുമായി പ്ലസ്ടു വിദ്യാർത്ഥികൾ. ടണലിൽ അകപ്പെടുന്നവർക്ക് ഭക്ഷണവും ഫസ്റ്റ് എയ്ഡും നൽകി, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ മോഡലാണ് ചെങ്ങന്നൂർ എസ്.എൻ.ട്രസ്റ്റിലെ പ്ലസ്ടു വിദ്യാർത്ഥികളായ ആർ.വൈഷ്ണവും ജോബിൽ കെ.ജോസഫും ആവിഷ്കരിച്ചത്. എഫ്.ആർ.ഇ(ഫയർ റസ്ക്യൂ ആൻഡ് എക്സ്ടിംഗ്യൂഷർ) എന്നാണ് ഈ യന്ത്രത്തിന് പേര്. ശാസ്ത്രമേളയിലെ ശ്രദ്ധേയമായ ഒരിനമാണിത്.
കാഴ്ചയിൽ സാധാരണ കാർഡ്ബോർഡ് പെട്ടിയാണ് യന്ത്രം. ടണലിലെ സഞ്ചാരത്തിനായി യന്ത്രത്തിന്റെ മുന്നിലും പിന്നിലുമായി നാലു വീലുകൾ. പെട്ടിക്കുള്ളിലെ സർക്യൂട്ടുകൾ രക്ഷാദൗത്യം നടത്തുന്ന ആളുടെ ഫോണിൽ വൈഫൈ സാങ്കേതികവിദ്യയിലൂടെ ബന്ധിപ്പിച്ചിരിക്കും. നോഡ് എം.സി.യു എന്ന സോഫ്റ്റ്‌വെയറും ഇതിനായി ഉപയോഗിച്ചു. ഫോണിൽ വൈഫൈ ഓൺ ചെയ്യുന്നതോടെ യന്ത്രം ഓൺ ആവും. സ്മാർട്ട് ഫോൺ ഉപയോഗിച്ച് എവിടെയിരുന്നും രക്ഷാദൗത്യം നടത്താമെന്നാണ് ഇവർ പറയുന്നത്.
പ്രവർത്തനം
യന്ത്രത്തിലെ ക്യാമറയിലൂടെ ടണലിന്റെ ഉൾഭാഗം ഫോണിൽ കാണാം. ടണലിൽ വിഷപ്പുകയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ ഗ്യാസ് സെൻസറുകൾ ഘടിപ്പിച്ചിരിക്കും. വൈഫൈ ഓൺ ചെയ്യുമ്പോൾ ഫോണിൽ തുടർച്ചയായി സൈറൺ കേട്ടാൽ വിഷപ്പുക ഉണ്ടെന്ന് മനസിലാക്കാം. രക്ഷാപ്രവർത്തനത്തിനിടയിൽ മണ്ണ് പ്രതിബന്ധമാകുന്നെങ്കിൽ അത് നീക്കി മുന്നോട്ടു പോകാൻ വാട്ടർ പമ്പുകൾ യന്ത്രത്തിൽ ഉണ്ടായിരിക്കും. ശക്തമായി വെള്ളം പമ്പ് ചെയ്ത് തടസം മാറ്റാം. സോഫ്റ്റ്‌വെയർ ഉപയോഗിച്ചുതന്നെ ക്യാരിയർ ബാഗുവഴി മരുന്നുകളും ഭക്ഷണവും എത്തിക്കാം. നിലവിൽ 10 മീറ്ററുള്ള ടണലിലാണ് ഇറക്കാനാവുന്നത്. ഇതേ സർക്യൂട്ട് റോബോട്ടിനുള്ളിൽ ഘടിപ്പിച്ച് ടണലിലേക്ക് ഇറക്കാൻ കഴിയുമെന്നും ഇവർ അവകാശപ്പെട്ടു.