
തിരുവനന്തപുരം: കടലിലെ സുനാമികൾ അതിവേഗത്തിൽ അറിയുന്നതിനായി ഡാർട്ട് സംവിധാനവുമായി കോഴിക്കോട് വളയം ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥികളായ ആര്യനന്ദയും ജെസ്‌വിനും. നിലവിലുള്ള ഡാർട്ട് സംവിധാനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നത് എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്നതാണ് ഇവരുടെ അവതരണം. കടലിൽ സുനാമി ഉണ്ടാകുമ്പോൾ അത് അന്താരാഷ്ട്ര സുനാമി കേന്ദ്രത്തിൽ ലഭിച്ച ശേഷമേ മറ്ര് സുനാമി കേന്ദ്രങ്ങളിലേക്ക് കൈമാറാനാവൂ. എന്നാൽ, സുനാമി ഉണ്ടാകുമ്പോൾ കടലിനടിയിൽ സ്ഥാപിക്കുന്ന ബോട്ടം പ്രഷർ റെക്കോർഡറിൽ (ബി.പി.ആർ) നിന്നുള്ള തരംഗങ്ങൾ സമുദ്രോപരിതലത്തിലെ ബോയിൽ സംവിധാനത്തിലെത്തി അവിടെനിന്ന് സെക്കൻഡുകൾക്കുള്ളിൽ സാറ്റ്‌ലൈറ്റ് വഴി ഗ്രൗണ്ട് സ്റ്റേഷനിലും, സന്ദേശമായി ജനങ്ങളുടെ മൊബൈൽ ഫോണുകളിലും എത്തും. 15 സെക്കൻഡുകൾക്കുള്ളിൽ ഇത് സാദ്ധ്യമാകും. മാത്രമല്ല, ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ അതിവേഗം പ്രോസസ് ചെയ്ത് ഭൂകമ്പത്തിന്റെ ജ്യോഗ്രഫിക്കൽ ഏരിയയും കണ്ടെത്താനാകും.