
തിരുവനന്തപുരം: ഉരുളക്കിഴങ്ങിന്റെ അരികുകൾ ചരിച്ച് മുറിച്ചും കൂർപ്പിച്ചും നിറത്തിൽമുക്കി കോട്ടൺ തുണിയിലേക്ക് ഒന്നമർത്തി... ഓഫ് വൈറ്റ് നിറമുള്ള ആറരമീറ്റർ കോട്ടൺ തുണി നെയ്‌ഷ മെഹ്‌റിൻ പ്രിന്റുകൾ പതിപ്പിച്ച് മനോഹരമായൊരു സാരിയാക്കി! കറുപ്പും മെറൂണും ചേർന്ന് അഴകുള്ള പ്രിന്റ് കണ്ടാൽ ഉരുളക്കിഴങ്ങ് കഷണംകൊണ്ട് ഒപ്പിച്ച വിരുതാണെന്ന് പറയില്ല.
എച്ച്.എസ് വിഭാഗം വെജിറ്റബിൾ പ്രിന്റിംഗ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ നെയ്‌ഷ മെഹ്‌റിൻ മലപ്പുറം അടയ്ക്കാക്കുണ്ട് സി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്. രണ്ടാംക്ളാസിലേ വെജിറ്രബിൾ പ്രിന്റിംഗ് പഠിക്കാനാരംഭിച്ച നെയ്‌ഷ എൽ.പി തലം മുതൽ മത്സരിക്കുന്നുണ്ട്. ടീച്ചറായ അമ്മ ഫാരിഷയാണ് ഗുരു. കസിൻ ഹബീബയും നിർദ്ദേശം നൽകുന്നുണ്ട്. കഴിഞ്ഞവർഷം മത്സരിച്ചെങ്കിലും നാലാംസ്ഥാനത്തായ നെയ്ഷയ്‌ക്ക് കാത്തിരിപ്പിന്റെ മധുരമാണ് ഈ ഒന്നാംസ്ഥാനം.