കോവളം: കാലാവസ്ഥ അനുകൂലമായി കടൽ ഉൾവലിഞ്ഞ് തീരം വരികയും പഞ്ചാരമണൽ വിരിക്കുകയും ചെയ്തതോടെ കോവളം ബീച്ചിൽ ക്രിസ്മസ് അവധിയും ന്യൂ ഈയറും ആഘോഷിക്കാൻ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ എത്തിത്തുടങ്ങി.

ഇതോടെ ഹോട്ടലുകളും റിസോർട്ടുകളും റസ്റ്റോറന്റുകളും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളുമെല്ലാം മോടി പിടിപ്പിക്കാൻ തുടങ്ങി. സമുദ്രാ ബീച്ച്, സീറോക്ക് ബീച്ച്, ഗ്രോ ബീച്ച്, ആഴിമല ബീച്ച്, സോമതീരം ബീച്ച്, കൂടാതെ പൂവാർ കടൽത്തീരത്തെ വിവിധ ഭാഗങ്ങളിലും സഞ്ചാരികളെ വരവേൽക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്.

സന്ധ്യയായാൽ സീറോക്ക് ബീച്ചിൽ നല്ല തിരക്കാണ്. പുതുവത്സരം ആഘോഷിക്കാൻ കോവളം ബീച്ചിലും സമീപങ്ങളിലുമായി 3000ത്തോളം വിദേശികൾ ഹോട്ടലുകൾ ബുക്ക് ചെയ്തായി ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗങ്ങൾ പറയുന്നു. ഇപ്പോൾ എത്തിയതിലേറെയും റഷ്യക്കാരാണ്.

കോവളം വികസനത്തിനായി 20 കോടി അനുവദിച്ചെങ്കിലും 9 കോടിയോളം രൂപ സമുദ്രാ ബീച്ച് പാർക്കിനും നവീകരണത്തിനുമായി ചെലവിട്ടശേഷം കോവളത്തെ മറ്റ് ബീച്ചുകളിൽ വികസനപ്രവർത്തനങ്ങൾ നടന്നിട്ടില്ല. സീസണെത്തിയിട്ടും ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.

നിയന്ത്രണം ശക്തം

കോവളം ബീച്ചിൽ 40ന് താഴെ മാത്രമാണ് അംഗീകാരമുള്ള ആയുർവേദ ചികിത്സാകേന്ദ്രങ്ങളുള്ളത്. ഇക്കൊല്ലം അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പും പൊലീസും പറഞ്ഞു. കാൽനട കച്ചവടക്കാരെ ബീച്ചിൽ നിയന്ത്രിച്ചിട്ടുണ്ട്.

ലക്ഷ്യമിട്ടിരുന്നത്

ഡെവലപ്മെന്റ് ഒഫ് കോവളം ആൻഡ് അഡ്‌ജസന്റ് ബീച്ചസ് പദ്ധതിയിലൂടെ ബീച്ചുകൾ നവീകരിക്കാനും തീരസംരക്ഷണം ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിട്ടതെങ്കിലും അധികൃതർ പദ്ധതിയിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കോവളം ബീച്ചിൽ നിരവധി പദ്ധതികളാണ് ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയും കടലേറ്റവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ സമഗ്ര വികസനപദ്ധതി തയ്യാറാക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്നിരുന്നു. കിഫ്ബി തയ്യാറാക്കി സമർപ്പിച്ച പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്‌കോസിനെ ചുമതപ്പെടുത്താനും മന്ത്രിസഭായോഗം അനുമതി നൽകിയെങ്കിലും പദ്ധതി എങ്ങുമെത്താതെ നീളുകയാണ്.