
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് സ്കൂൾ അങ്കണത്തിലൂടെ മിന്നൽവേഗത്തിൽ പാഞ്ഞ രണ്ടു വാഹനങ്ങളായിരുന്നു ഇന്നലെ ശാസ്ത്രമേളയിലെ താരങ്ങൾ. 500 രൂപയ്ക്ക് ഹൈഡ്രജൻ നിറച്ചാൽ 1,200 കിലോമീറ്റർ വരെ ഓടിക്കാനാകുന്ന നാലുചക്ര വണ്ടി എച്ച്.എസ്.എസ് വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി. തൃശൂർ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ പി.ബി.നിഹാൽകൃഷ്ണ, പി.എസ്.ആദിത്യൻ എന്നിവരാണ് വാഹനമൊരുക്കിയത്. മാരുതി കാറിന്റെ സ്റ്റിയറിംഗ്, ക്ലച്ച്, ബ്രേക്ക്, ഒമ്നിയുടെ ആക്സിലറേറ്റർ എന്നിവ കൊണ്ട് പുറംഭാഗം ഉണ്ടാക്കി. 100 സി.സിയാണ് എൻജിൻ കപ്പാസിറ്റി. ഏകദേശം 65,000 രൂപ ചെലവായി. പുകയ്ക്ക് പകരം വെള്ളം പുറന്തള്ളുന്നതിനാൽ പരിസ്ഥിതിക്കും ദോഷമില്ല. 'എച്ച്.ടു ഡ്രൈവ്" എന്നാണ് പേര്.
കോട്ടയം എസ്.കെ.വി ഗവ. എച്ച്.എസ് നീണ്ടൂരിലെ പ്ലസ്‌വൺ വിദ്യാർത്ഥിയായ കെ.ജി.ആൽബിന് പത്ത് വയസ് മുതലുള്ള മോഹമാണ് സ്വന്തമായി വാഹനം നിർമ്മിക്കുകയെന്നത്. കൂട്ടുകാരൻ അഫ്രിൻ അൻസാറുമായി ചേർന്ന് സോളാറിൽ ഓടുന്ന ഒന്നാന്തരം ഓട്ടോ നിർമ്മിച്ച് ആഗ്രഹം സഫലമാക്കി. ആക്രിക്കടയിൽ നിന്ന് വാങ്ങിയ ബൈക്കിന്റെ സ്പെയർ പാർട്ട്സ് കൊണ്ട് പുറംഭാഗം ഉണ്ടാക്കി. മുകളിൽ സോളാർ പാനൽ ഘടിപ്പിച്ചു. ഒറ്റ ചാർജിൽ 55 കിലോമീറ്റർ വരെ ഓടിക്കാം.