
നെടുമങ്ങാട്: കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ നിർദ്ധന കുടുംബത്തിന്റെ അത്താണിയായ ഡ്രൈവർ ദുരിതത്തിൽ. ചുള്ളിമാനൂർ വാഴവിള ശ്രീവിനായകയിൽ പരേതനായ ശ്രീധരന്റെ മകൻ പ്രമോദ് (41) ആണ് ചികിത്സയ്ക്ക് മാർഗമില്ലാതെ വലയുന്നത്. മൂന്ന് വർഷമായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലാണ്. കരളും പാൻക്രിയാസ് ഗ്രന്ഥിയും ചെറുകുടലും ബന്ധിപ്പിക്കുന്ന പോർട്ടൽ വെയിനിലെ തടസം കാരണം തുടർച്ചയായി ശരീരത്തിലേക്ക് രക്തം കയറ്റേണ്ട സ്ഥിതിയാണ്. ഒപ്പം ലിവർ സിറോസിസ്കൂടി കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് 45 ലക്ഷം രൂപ ചെലവ് വരും. ഭാര്യയും ആറു വയസുകാരി മകളും വൃദ്ധ മാതാവും അടങ്ങുന്നതാണ് പ്രമോദിന്റെ കുടുംബം. അഞ്ച് സെന്റിലെ ചെറിയ വീടാണ് ഏക സമ്പാദ്യം. ഇത് വിറ്റാലും ശസ്ത്രക്രിയയ്ക്കുള്ള തുക തികയില്ല. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് ധനലക്ഷ്മി ബാങ്ക് പഴകുറ്റി ശാഖയിൽ ഭാര്യ അനുപമ മുരളിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 007700100147312. IFSC : DLXB 0000077. ഫോൺ: 9656028484.