
തിരുവനന്തപുരം: എ.ടി.എമ്മിൽ നിന്ന് നമുക്ക് ഇപ്പോൾ ലഭിക്കുന്നത് കറൻസികളാണ്. എന്നാൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ നാണയം തുപ്പുന്ന എ.ടി.എം അവതരിപ്പിച്ചിരിക്കുകയാണ് കുട്ടിശാസ്ത്രജ്ഞർ.
കോട്ടയം ഇമ്മാനുവൽ എച്ച്.എസ്.എസിലെ കൊമേഴ്സ് വിദ്യാർത്ഥികളായ ദേവാനന്ദ്, അഖിൽ എന്നിവരാണ് ഈ ആശയത്തിന് പിന്നിൽ. സ്‌മാർട്ട് എ.ടി.എം എന്നാണ് പേര്. കംപ്യൂട്ടർ പ്രോഗ്രാമും ബ്ലൂടൂത്തും തമ്മിൽ ബന്ധിപ്പിച്ചാണ് എ.ടി.എമ്മിന്റെ പ്രവർത്തനം. ബ്ലൂടൂത്ത് സീരിയൽ മോണിറ്റർ എന്ന ആപ്പ് വഴി ലഭിക്കേണ്ട നാണയം സെറ്റ് ചെയ്തുവയ്ക്കണം. അതുവഴി തന്നെ ആവശ്യമായ നാണയങ്ങൾ ഫീഡ് ചെയ്താൽ എ.ടി.എമ്മിൽ നിന്ന് നാണയങ്ങൾ ലഭിക്കും. എ.ടി.എമ്മിൽ നിന്ന് നാണയങ്ങൾ ലഭിക്കാത്തത് പോരായ്മയാണെന്ന് അദ്ധ്യാപിക പരാതിപ്പെട്ടതാണ് ഇവരെ സ്മാർട്ട് എ.ടി.എം എന്ന ആശയത്തിലെത്തിച്ചത്. പൊതുഇടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവിടങ്ങളിൽ ഈ സ്മാർട്ട് എ.ടി.എം സ്ഥാപിക്കണമെന്നാണ് ഇവരുടെ നിർദ്ദേശം. രണ്ടുപേർക്കും ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യാനാണ് ആഗ്രഹം.