news

തിരുവനന്തപുരം: അടുത്തവർഷം മുതൽ ഓൺലൈനാവുന്ന കേരള എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറും. ഇതിനായി ടെൻഡർ വിളിക്കാൻ മന്ത്രിസഭായോഗം ഉടൻ അനുമതിനൽകും. പരീക്ഷാ നടത്തിപ്പിനുള്ള നെറ്റ്‌വർക്ക്, സെർവർ, സോഫ്‌റ്റ്‌വെയർ സംവിധാനമൊരുക്കുകയാണ് സ്വകാര്യകമ്പനിയുടെ ചുമതല. ചോദ്യപേപ്പർ തയ്യാറാക്കുന്നത് എൻട്രൻസ് കമ്മിഷണറായിരിക്കും. നിലവിൽ 5പ്രവേശന പരീക്ഷകൾക്ക് ഐ.ടി സംവിധാനമൊരുക്കുന്നത് സർക്കാർ സ്ഥാപനമായ സി-ഡിറ്റാണ്. കേന്ദ്രസർക്കാരിന് പാസ്പോർട്ട് സേവനം നൽകുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) അടക്കം 3കമ്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്.

ഒന്നരലക്ഷത്തോളം അപേക്ഷകരുള്ള എൻട്രൻസ് പരീക്ഷ നിലവിൽ ഒ.എം.ആർ രീതിയിലുള്ള എഴുത്തുപരീക്ഷയായാണ് നടത്തുന്നത്. ഫിസിക്സ്-കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് പേപ്പറുകളായി നടത്തുന്ന എൻട്രൻസ് പരീക്ഷ, ഓൺലൈനാവുമ്പോൾ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒ​റ്റപേപ്പറായി നടത്താനാണ് എൻട്രൻസ് കമ്മിഷണറുടെ ശുപാർശ. ഇത്രയും പേർക്കുള്ള പരീക്ഷ ഒറ്റഘട്ടമായി നടത്താനുള്ള കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ 15,000കുട്ടികൾക്ക് വീതം പല ദിവസങ്ങളിലായി പരീക്ഷ നടത്തും.100എൻജിനിയറിംഗ് കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിൽ പരീക്ഷയ്ക്ക് സാങ്കേതിക സൗകര്യമൊരുക്കാനാണ് സ്വകാര്യ കമ്പനികൾ.

പരീക്ഷാനടത്തിപ്പിന് സ്വകാര്യകമ്പനി കോളേജുകളിൽ ലോക്കർ സെർവറും അടിയന്തര സാഹചര്യത്തിലുപയോഗിക്കാനുള്ള രണ്ടാം സെർവറും സജ്ജമാക്കണം. എൻട്രൻസ് കമ്മിഷണറുടെ രണ്ട് ലാപ്ടോപ്പുകളിലായിരിക്കും ചോദ്യപേപ്പർ. പരീക്ഷാസമയത്ത് പാസ്‌വേഡുപയോഗിച്ച് പ്രത്യേക സോഫ്‌റ്റ്‌വെയറിലേക്കും വിദ്യാർത്ഥിയുടെ കമ്പ്യൂട്ടറിലും ചോദ്യം ലഭ്യമാക്കും. രജിസ്റ്റർ നമ്പരുപയോഗിച്ച് ലോഗിൻ ചെയ്താൽ ചോദ്യങ്ങൾ കാണാനാവും. ശരിയുത്തരത്തിൽ മൗസുപയോഗിച്ച് ക്ലിക്ക് ചെയ്യാം. പരീക്ഷാസമയം കഴിയുമ്പോൾ ഉത്തരങ്ങൾ വിദ്യാർത്ഥികൾ സേവ് ചെയ്യുന്നതോടെ സെർവറിൽ രേഖപ്പെടുത്തും.

ചോദ്യപേപ്പറിൽ

ആശങ്ക വേണ്ട

അതീവരഹസ്യമായി എൻട്രൻസ് കമ്മിഷണറായിരിക്കും ചോദ്യങ്ങൾ തയ്യാറാക്കുക. പലദിവസങ്ങളിലായുള്ള പരീക്ഷയായതിനാൽ നിരവധി സെറ്റ് ചോദ്യങ്ങളുണ്ടാവും.

ഒരു ബാച്ചിന്റെ ചോദ്യം ആവർത്തിക്കില്ല. ചോദ്യപേപ്പർ തിരഞ്ഞെടുക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. ഏതെങ്കിലും കാരണവശാൽ ചോദ്യംചോർന്നാൽ ഓട്ടോമാറ്റിക്കായി വേറെ സെറ്റ് ലോഡാവും.

ദുബായ്, മുംബയ്, ഡൽഹി എന്നിവിടങ്ങളിലും എല്ലാ ജില്ലാകേന്ദ്രങ്ങളിലും പരീക്ഷ നടത്തേണ്ടതിനാൽ സാങ്കേതികമായി മികവുള്ളവരെയാവും തിരഞ്ഞെടുക്കുക.

സി-ഡിറ്റിന്

ചെലവ് കുറവ്

സ്വകാര്യ കമ്പനികളേക്കാൾ നാലിലൊന്ന് കുറഞ്ഞനിരക്കിലാണ് സി-ഡിറ്റ് ഓൺലൈൻ പരീക്ഷ നടത്തുന്നത്. എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് 5വർഷമായി സി-ഡിറ്റാണ് നടത്തുന്നത്. സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയർ എൻജിനിയറിംഗ് എൻട്രൻസിനും ഉപയോഗിക്കാം.