mch

തിരുവനന്തപുരം :മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നാം വട്ടവും താക്കോൽ ദ്വാര ഹൃദയ ശസ്ത്രക്രിയ വിജയകരം. കാൽസിഫിക് അയോട്ടിക് സ്റ്റിനോസിസ് രോഗം മൂലം അത്യാസന്ന നിലയിലായ 68 കാരനായ നിലമേൽ സ്വദേശിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.സ്വകാര്യ ആശുപത്രികളിൽ 20ലക്ഷം രൂപ വരെ ഈടാക്കുന്ന ശസ്ത്രക്രിയ രോഗിക്ക് സൗജന്യമായാണ് ലഭ്യമാക്കിയത്. സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയർ പദ്ധതിയിലൂടെ ഇതിനായി 12ലക്ഷം രൂപ അനുവദിച്ചിരുന്നു.താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ നെഞ്ചു തുറക്കാതെ അയോട്ടിക് വാൽവ് മാറ്റിവയ്ക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ .എ.നിസാറുദ്ദീന്റെ ഏകോപനത്തിൽകാർഡിയോളജി വിഭാഗം മേധാവി ഡോ.കെ. ശിവപ്രസാദ്, ഡോ.വി.വി. രാധാകൃഷ്ണൻ , ഡോ.ആഷിഷ് കുമാർ, ഡോ.മാത്യു ഐപ്പ്, ഡോ. പ്രവീൺ വേലപ്പൻ, ഡോ.ലക്ഷ്മി, ഡോ. വീണ ഫെലിക്‌സ്, ടെക്‌നീഷ്യന്മാരായ പ്രജീഷ്,കിഷോർ, അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ.മായ, ഡോ.അഞ്ജന എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഹൃദ്രോഗ ചികിത്സയ്ക്ക് ഇത്രയധികം തുക ധനസഹായമായി ലഭിക്കുന്നതെന്ന് വകുപ്പ് മേധാവി ഡോ.കെ.ശിവപ്രസാദ് പറഞ്ഞു.