
തിരുവനന്തപുരം: തിരക്കുള്ള മാളുകൾ,റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റോപ്പുകൾ... ഇത്തരം സ്ഥലങ്ങളിൽ വെറുതെ നടന്നു പോകുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചാലോ? മണക്കാട് ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ നടന്ന വൊക്കേഷണൽ എക്സ്‌പോയിലാണ് ഈ കണ്ടുപിടിത്തം ഇടം പിടിച്ചത്.പിരപ്പൻകോട് ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ സി.എസ്.ആദിനാഥും എസ്.ഷഹിനുമാണ് ആശയത്തിന് പിന്നിൽ. 'പീസോ ഇലക്ട്രിസിറ്റി' സിദ്ധാന്തമാണ് ഉപയോഗിക്കുന്നത്.ഗ്രീക്കിൽ പീസോ എന്നാൽ 'അമർത്തുക' എന്നാണ് അർത്ഥം.നാം നടക്കുന്ന പ്രതലത്തിൽ പീസോ ബസർ പ്ലേറ്റ് ഘടിപ്പിക്കും.നടക്കുമ്പോഴുണ്ടാകുന്ന സമ്മർദ്ദം (മെക്കാനിക്കൽ പ്രഷർ),പീസോ പ്ലേറ്റുകൾ വഴി ഇലക്ട്രിക്കൽ എനർജിയായി മാറ്റും.ഈ എനർജിയെ ശേഖരിച്ച് ഭാവിയിൽ ഉപയോഗിക്കാം.ഇത്തരം സംവിധാനം വിദേശത്ത് ഉണ്ടെങ്കിലും സമ്മർദ്ദം പുറത്ത് നിന്ന് നൽകേണ്ടി വരുമെന്ന് ആദിനാഥും ഷഹിനും പറയുന്നു.സ്റ്റെയറുകളിലും പാർക്കിംഗ് ഇടങ്ങളിലും ഈ സംവിധാനം ഒരുക്കാനാകും.