തിരുവനന്തപുരം: വീൽച്ചെയറിലും ക്രച്ചസിലും ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം ഭിന്നശേഷിക്കാർ ഇന്ന് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ വഞ്ചനാദിനം ആചരിച്ച് നിരാഹാരമിരിക്കും. ഇന്ന് ലോകമാകെ ഭിന്നശേഷിദിനം ആചരിക്കുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന സങ്കടത്തിൽ ഇവർ സമരമുഖത്തിറങ്ങിയത്.
പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവരാണ് ഇവരിലേറെയും. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് ആറുമാസം വീതം താത്കാലിക ജോലി ലഭിക്കുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്ത ഇവർക്ക് സൂപ്പർ ന്യൂമററിയായി മുൻകാലങ്ങളിലെ സർക്കാരുകൾ ജോലി അനുവദിച്ചു നൽകിയിരുന്നു.1999 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ 2677 പേർക്കാണ് ഇങ്ങനെ ജോലി ലഭിച്ചത്. എന്നാൽ അതിനുശേഷം ഭിന്നശേഷിക്കാർക്കു വേണ്ടി സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്ടിക്കാൻ സർക്കാരുകൾ തയ്യാറായിട്ടില്ല.
ആവശ്യങ്ങൾ നിരത്തി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെ പലവട്ടം കണ്ടെങ്കിലും അനുകൂലമായ സമീപനമുണ്ടായില്ലെന്ന് ഇവർ പരാതിപ്പെടുന്നു. അംഗപരിമിതരല്ലാത്തവർക്ക് പിൻവാതിൽ വഴി നിയമനങ്ങൾ നടക്കുമ്പോഴും തങ്ങളെ പരിഗണിക്കാത്തതിന്റെ അമർഷമാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകിട്ട് വരെ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിച്ച് സമരം നടത്താൻ കാരണമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു പറഞ്ഞു.സമരം മൂന്ന് ദിവസം പിന്നിടുമ്പോഴും തങ്ങളെ തിരക്കി ഒരു സർക്കാർ പ്രതിനിധി പോലുമെത്തിയില്ലെന്ന സങ്കടമാണ് ഇവർക്ക്.