
ഹൈദരാബാദ്: ഇന്ന് രാവിലെ തന്നെ പി.സി.സി ഓഫീസിനു മുന്നിൽ ഹൈടെക് ബസുകൾ എത്തും. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കും വിധം തെലങ്കാന കോൺഗ്രസ് നേടുമെന്ന ട്രെന്റു വന്നാൽ എം.എൽ.എമാരുമായി ഈ ബസുകൾ ബംഗളൂരുവിലേക്കോ മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ 'ഡബിൾ ബെല്ലടിച്ച്' പോകും.
സർക്കാർ രൂപീകരിക്കുന്നതുവരെ പാർട്ടി ടിക്കറ്റിൽ നിന്നും ജയിക്കുന്നവരെ 'വെറുതെ വിട്ടാൽ' പണി പാളുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. അതുകൊണ്ട് പാർട്ടി നേതൃത്വം എം.എൽ.എ മാരെ സുരക്ഷിതരാക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ശിവകുമാർ പറഞ്ഞു. 'പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞാൻ അവിടെ പോകുന്നത്. കർണാടക തിരഞ്ഞെടുപ്പ് വേളയിൽ തെലങ്കാന ടീം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനും പോകുന്നത്. ഫലത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഒരു പ്രശ്നവുമില്ല, ഭീഷണിയുമില്ല. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാർട്ടി അനായാസം വിജയിക്കും' തെലങ്കാനയിലേക്ക് പുറപ്പെടും മുമ്പ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റിസോർട്ട് രാഷ്ട്രീയം ആസൂത്രണം ചെയ്യാനാണ് ശിവകുമാറിനെ തെലങ്കാനയിലേക്ക് അയച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ബി.ആർ.എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പാട്ടിലാക്കാൻ ശ്രമിക്കുകയാണെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'അവർ (ബി.ആർ.എസ്) ഞങ്ങളെ കുടുക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾക്ക് വിവരമുണ്ട്. മുഖ്യമന്ത്രി (കെ.സി.ആർ) തന്നെ സമീപിച്ചതായി ഞങ്ങളുടെ സ്ഥാനാർത്ഥികൾ ഞങ്ങളോട് പറഞ്ഞു,' ശിവകുമാർ പറഞ്ഞു.
2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതു മുതൽ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് ആണ് തെലങ്കാനയിൽ അധികാരത്തിലുള്ളത്. ആദ്യമായാണ് എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസ് അനുകൂലമാകുന്നത്.
കളം മാറിക്കളി തുടരുമോ?
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. എന്നാൽ അതിൽ 12 പേർ മറുകണ്ടം ചാടി ബി.ആർ.എസിലെത്തിയിരുന്നു. ബി.ആർ.എസിന് ഭരണം കിട്ടിയതിനു ശേഷമായിരുന്നു ഈ പാർട്ടി മാറ്റം. അവരിൽ പലരും ഇപ്പോൾ ബി.ആർ.എസ് സ്ഥാനാർത്ഥികളുമായിരുന്നു. ഭരണം നേടാൻ പത്തിനു താഴെ സീറ്റിന്റെ കുറവ് വന്നാൽ ബി.ആർ.എസ് അധികാരം നിലനിറുത്താൽ മറ്റ് പാർട്ടികളിലെ എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചേക്കാം. അതിന്റെ ആവശ്യം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ബി.ആർ.എസ് നേതൃത്വം