
തിരുവനന്തപുരം: ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയവും വിരഹവും... വിശ്വാമിത്രനെ മയക്കുന്ന മേനകയും...നിറങ്ങളിലൂടെ 'ശാകുന്തളത്തിന്റെ' മുഴുവൻ കഥ പറയുന്ന 17 സുന്ദരചിത്രങ്ങൾ..സൂര്യഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ പി.ടി.പി നഗർ സ്വദേശിയായ രാഗിണി കൃഷ്ണൻ വരച്ച ചുമർചിത്രങ്ങൾ കാഴ്ചക്കാരുടെ ഹൃദയത്തിൽ കൈയൊപ്പ് പതിക്കും. ഒൻപത് വർഷമെടുത്താണ് ഇവ പൂർത്തിയാക്കിയത്. യാത്രകൾക്കിടയിലും വീട്ടിലെ ജോലികൾക്കിടയിലും വരയ്ക്കാൻ സമയം കണ്ടെത്തി. 'കുഞ്ഞുനാൾ മുതൽ വരയ്ക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ഫാബ്രിക്ക് പെയിന്റിംഗ് ചെയ്യുമായിരുന്നു...എന്നാൽ അന്നതിന് വലിയ പ്രാധാന്യം നൽകിയില്ല..' രാഗിണി പറയുന്നു. ഭർത്താവ് ദൂരദർശന്റെ ആദ്യ ഡയറക്ടർ കുഞ്ഞികൃഷ്ണന്റെ ജോലി ആവശ്യങ്ങളുടെ ഭാഗമായി രാഗിണി കൂടുതൽ കാലവും ഡൽഹിയിലായിരുന്നു ചെലവഴിച്ചത്.നാട്ടിൽ തിരിച്ചെത്തി തിരുവനന്തപുരത്തെ മ്യൂസിയം ആർട്ട് ഗ്യാലറിയിൽ കണ്ട രാമായണം മ്യൂറൽ പെയിന്റിംഗ് പ്രദർശനമാണ് ചിത്രകലയിലെ രണ്ടാംവരവിന് വഴിതെളിച്ചത്. ചിത്രകാരൻ പ്രിൻസ് തോന്നയ്ക്കൽ ആയിരുന്നു ഗുരു. 2013ൽ മരുമകളുടെ അമ്മ രമണി നമ്പ്യാർ മുഖാന്തരം ഹൈദരാബാദിലെ സെലാർജൻ മ്യൂസിയത്തിൽ പ്രദർശനം നടത്തിയത് വഴിത്തിരിവായി.
പുതുമയുള്ള ശാകുന്തളം
കോളേജിൽ സെക്കൻഡ് ലാംഗ്വേജ് മലയാളമായിരുന്നു. ക്ലാസിലിരുന്ന് അഭിജ്ഞാന ശാകുന്തളത്തിന്റെ ക്ലാസുകൾ കേട്ടത് വർഷങ്ങൾക്കിപ്പുറവും രാഗിണി ഓർത്തെടുക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന മ്യൂറൽ പെയിന്റിംഗുകളിൽ നിന്ന് വ്യത്യസ്തമായി ആരെയും ആകർഷിക്കുന്ന നിറങ്ങളുടെ വൈവിദ്ധ്യമാണ് ചിത്രങ്ങളുടെ പ്രത്യേകത. രണ്ട് നിറങ്ങൾ ചാലിച്ച് പുതിയ നിറം കണ്ടെത്തി പരീക്ഷിച്ചു. ആഭരണങ്ങൾക്ക് പകരം കാട്ടുവള്ളികളും ഇലകളും പൂവുകളും വരച്ചു. ഭർത്താവും മക്കളായ ജയ്ദീപ് കൃഷ്ണൻ, വിശ്വനാഥ് കൃഷ്ണൻ, മരുമക്കളായ ലക്ഷ്മി നമ്പ്യാർ, ഡയാന കൃഷ്ണൻ എന്നിവരും പിന്തണച്ചു. കൊച്ചുമകൾ സമാര നമ്പ്യാരും മുത്തശ്ശിയിൽ നിന്ന് പാഠങ്ങൾ പഠിച്ച് ചിത്രരചനയിൽ തിളങ്ങുന്നുണ്ട്. സൂര്യയിൽ പ്രദർശനത്തിന് അവസരമൊരുക്കിയ സൂര്യ കൃഷ്ണമൂർത്തിക്ക് നന്ദി പറയാനും രാഗിണി മറന്നില്ല.