കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ഇളമ്പള്ളൂർ ചരുവിള പുത്തൻ വീട്ടിൽ രതീഷിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (29) ചവറ പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ സ്വദേശിയായ യുവാവിൽ നിന്ന് ജോലിവാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ചവറ കെ.എം.എം.എല്ലിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരുന്ന കുണ്ടറ ഇളമ്പള്ളൂർ റഹുമത്ത് മൻസിലിൽ (അമീർ വില്ലയിൽ) ഷിബു ഷിഹാബാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. പരതിക്കാരന് ഒരു ലക്ഷം രൂപ ശമ്പളത്തിൽ എച്ച്.ആർ മാനേജരായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പല തവണകളായി തുക കൈപ്പറ്റിയത്. ഇതിൽ എട്ടുലക്ഷം രൂപ വിഷ്ണുപ്രിയയുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തത്. പ്രതി പരാതിക്കാരന് നൽകിയ അപ്പോയ്ന്റ്മെന്റ് ലെറ്റർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പരാതി നൽകുകയായിരുന്നു. ഇതോടെ ഷിബു ഒളിവിൽ പോയി. ചവറ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വിഷ്ണുപ്രിയയെ അറസ്റ്റ് ചെയ്തത്.