that

പ്രതി​യെ നാട്ടുകാർ പി​ടി​കൂടി​ പൊലീസി​ലേൽപ്പി​ച്ചു

ആലങ്ങാട്: രണ്ടുവർഷംമുമ്പ് പത്തുപവൻ മോഷണംപോയ ആളില്ലാത്ത വീട്ടിൽ വീണ്ടും മോഷണ ശ്രമം. കള്ളൻ കയറുന്ന ക്യാമറാ ദൃശ്യം ശ്രദ്ധയിപ്പെട്ട അമേരിക്കയിലുള്ള വീട്ടുകാർ വി​വരം അറി​യി​ച്ചതി​നെത്തുടർന്ന് നാട്ടുകാർ മോഷ്ടാവ് തൃശൂർ ചെന്നായപ്പാറ പണിക്കശേരി സനൂജി​(രതീഷ് 24 )നെ പി​ടി​കൂടി​ ആലുവ വെസ്റ്റ് പൊലീസി​ന് കൈമാറി.

കരുമാല്ലൂർ തട്ടാംപടി കവലയിലുള്ള മേനാച്ചേരി വർഗീസിന്റെ വീട്ടിലായിരുന്നു വെള്ളിയാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്. രണ്ടുവർഷംമുമ്പ് പുലർച്ചെ ഇവിടെ നി​ന്ന് പത്തുപവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർച്ച നടന്നി​രുന്നു. വർഗീസിന്റെ മരണത്തെതുടർന്ന് ഭാര്യ അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്കുപോതി​നാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. എല്ലാവശങ്ങളിലും ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ അമേരിക്കയിലിരുന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുള്ളതുകൊണ്ടാണ് പുലർച്ചെ കള്ളൻ അകത്തു കയറിയയുടനെ വിവരങ്ങൾ ലഭിച്ചത്. വിവരമറിയിച്ചതി​നെത്തുടർന്ന് അയൽക്കാരെത്തിയപ്പോൾ മതിൽചാടി ഓടി​യ രണ്ടുമോഷ്ടാക്കളി​ൽ സനൂജിനെ പി​ടി​കൂടുകയായി​രുന്നു. മറ്റെയാൾ രക്ഷപെട്ടു. പട്രോളിങ്ങിനിറങ്ങിയ ആലങ്ങാട് പൊലീസ് അവിടെയെത്തി കള്ളനെ കൊണ്ടുപോയി. ഇയാളുടെ വാഹനത്തിൽ നിന്ന് 800 ഗ്രാം കഞ്ചാവും പിടികൂടി. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.