തിരുവനന്തപുരം: കരിമഠം കോളനിയിലെ കഞ്ചാവ് വില്പന തടഞ്ഞ നസീറിനെ പ്രതികൾ വെട്ടിക്കൊല്ലുന്നത് കണ്ടതായി സാക്ഷികളായ ഷിബു, രാജേഷ് എന്നിവർ കോടതിയിൽ മൊഴി നൽകി. 2006 സെപ്തംബർ 11ന് കോളനിക്കുള്ളിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിന് മുന്നിൽവച്ചാണ് പ്രതികൾ നസീറിനെ ആക്രമിച്ചത്. മയക്കുമരുന്ന് വില്പനയെ എതിർക്കുന്ന റെസ്റ്റ് ഒഫ് ഇന്ത്യ എന്ന സംഘടനയിലെ ഭാരവാഹിയായിരുന്നു നസീർ. കരിമഠം സ്വദേശിയായ അമാനം സതിയുടെ മയക്കുമരുന്ന് വില്പനയാണ് നസീർ തടഞ്ഞത്. കരിമഠം കോളനി സ്വദേശികളായ നസീർ, അയ്യപ്പൻ, സെയ്ദാലി, ഷാജി, മനു, ജയൻ, നവാസ് എന്നിവരാണ് മറ്റു പ്രതികൾ. ഇതിൽ അയ്യപ്പൻ, ഷാജി, മനു എന്നിവർ വിചാരണ ആരംഭിക്കുന്നതിനു മുൻപ് മരിച്ചു. പ്രധാന പ്രതിയായ സതി മറ്റൊരു മയക്കുമരുന്ന് വില്പന കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നസീർ പിന്നീട് മരിച്ചു.