
തിരുവനന്തപുരം: തത്സമയ ചിത്രരചനയും ചിത്രങ്ങളുടെ പ്രദർശനവും വില്പനയുമായി കലാപ്രേമികൾക്കായി ചിത്രകലയുടെ വിരുന്നിന് തിരിതെളിഞ്ഞു. തൈക്കാട് ഗണേശത്തിലെത്തിയാൽ ചിത്രരചനയുടെ വിവിധ തലങ്ങളെ നേരിട്ട് പരിചയപ്പെടാം. ഇവിടെ പുരോഗമിക്കുന്ന സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് 20വരെ ചിത്രകലാസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മോഡേൺ പെയിന്റിംഗും ചുമർചിത്രങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന എക്സിബിഷനിലെ പ്രധാന ഇനങ്ങൾ. ഉണങ്ങിയ ഇല,വാഴയില,കാൻവാസ് എന്നിവയിൽ ഒരുക്കിയ അക്രിലിക് ചിത്രങ്ങൾ കലാപ്രേമികളുടെ മനം കവരും. പ്രകൃതി,സ്ത്രീ,പക്ഷികൾ,മനുഷ്യശരീരം തുടങ്ങിയ പ്രമേയങ്ങളിലാണ് മോഡേൺ ചിത്രങ്ങൾ. പുരാണത്തിലെ ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ പറയുന്ന ചുമർചിത്രങ്ങൾ ഏവരുടെയും മനംകവരും. ശാകുന്തളം എന്ന പേരിൽ 20ഒാളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ് ആർട്ട് ഗേറ്റ് എന്ന പേരിൽ നടക്കുന്ന ചിത്രകലാസംഗമം ഉദ്ഘാടനം ചെയ്തത്. ചിത്രകാരൻമാരുടെ സംഗമം, പ്രഭാഷണങ്ങൾ, ചർച്ചകൾ എന്നിവയും ചിത്രകലാസംഗമത്തിന്റെ ഭാഗമായുണ്ട്.വൈകിട്ട് അഞ്ചുമുതൽ രാത്രി ഏഴുവരെ കലാസ്വാദകർക്ക് ഇവിടെയെത്തി ചിത്രങ്ങളുടെ വിരുന്ന് ആസ്വദിക്കാം. പ്രവേശനം സൗജന്യമാണ്.ബി.ഡി.ദത്തൻ, ഭട്ടതിരി,കാട്ടൂർ നാരായണപിള്ള,നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ,ടി.സി.രാജൻ, വേണു തെക്കേമഠം എന്നിവരാണ് ക്യൂറേറ്റർമാർ.