
തിരുവനന്തപുരം:മനുഷ്യന്റെ അവസ്ഥകൾ ചർച്ച ചെയ്യാൻ പൊതുയിടങ്ങൾ വേണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ആ അർത്ഥത്തിൽ മാനവീയം വീഥി കൂട്ടായി വികസിപ്പിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മാനവീയം സൗഹൃദസദസിന്റെ ആഭിമുഖ്യത്തിൽ മാനവീയത്ത് സംഘടിപ്പിച്ച എം.എ.ബേബിക്ക് ആദരം എന്ന പരിപാടിയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പൊതുയിടത്തെ തന്നെ ദുരുപയോഗപ്പെടുത്തുന്ന പ്രവണതകൾ അപമാനകരമാണ്.മാനവീയം എന്നത് മനുഷ്യനുമായി ചേർന്നതാണ്.മാനവീയം പോലുള്ള ഇടങ്ങൾ കൂടുതൽ രൂപപ്പെടുത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
അടൂർ:എം.എ.ബേബി മന്ത്രിയായിരിക്കെ ദീർഘവീക്ഷണത്തോടെ നടത്തിയ ഇടപെടലാണ് മാനവീയം വീഥിയെ ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയർത്തിയതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
എം.എ.ബേബിയെ ആദരിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അദ്ദേഹത്തെ നമ്മൾ ഓർമ്മിക്കുകയാണ് ചെയ്യുന്നത്.വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ ഒരു ചടങ്ങിൽ വച്ച് ''വളരെ അപൂർവമായിട്ടാണ് നല്ല സംസ്കാരമുള്ളൊരു വ്യക്തി സാംസ്കാരിക മന്ത്രിയാകുന്നത്'' എന്ന് താൻ വേദിയിൽ പറഞ്ഞതായി അടൂർ പറഞ്ഞു.അത് അന്നത്തെ കേരളത്തിലെ സാംസ്കാരിക മാന്ത്രിയായിരുന്ന എം.എ,.ബേബിയെ കുറിച്ചാണ് പറഞ്ഞത്.അടൂരും ഡോ.ഓമനക്കുട്ടിയും ചേർന്ന് എം.എ.ബേബിയെ ആദരിച്ചു.
ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദ് അദ്ധ്യക്ഷനായി. ബോസ് കൃഷ്‌ണമാചാരി, വൈദ്യ ബാലേന്ദു പ്രകാശ്,സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ,പ്രദീപ് പനങ്ങാട്, ജി.രാജ്‌മോഹൻ,അജിത്ത് മാനവീയം തുടങ്ങിയവർ സംസാരിച്ചു,മനു തമ്പിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.