1

തിരുവനന്തപുരം: ധനപ്രതിസന്ധിയിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സമരവുമായി ധനമന്ത്രിയുടെ ഭാര്യയും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ഡോ.ആശയാണ് സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. അദ്ധ്യാപകരുടെ സംഘടനായ എ.കെ.പി.സി.ടി.എയുടെ വനിതാ വിഭാഗം കൺവീനർ കൂടിയാണ് ഡോ. ആശ.

സർവകലാശാല അദ്ധ്യാപകരുടെ വേതനപരിഷ്ക്കരണ കുടിശിക 39മാസമായി കൊടുത്തിട്ടില്ല.കേന്ദ്രത്തിൽ നിന്ന് 750കോടി കിട്ടാത്തതാണ് കാരണം. സംസ്ഥാനസർക്കാർ യഥാസമയം നടപടി സ്വീകരിക്കാതിരുന്നതാണ് കാരണമായി കേന്ദ്രം പറയുന്നത്. 2022മാർച്ച് 30ന് അപേക്ഷിക്കേണ്ട സമയപരിധി തീർന്നു.പലതവണ ഓർമ്മപ്പെടുത്തിയിട്ടും സംസ്ഥാനസർക്കാർ റിപ്പോർട്ട് നൽകിയില്ലെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്. സമയപരിധി തീർന്നെങ്കിലും ഗവ. സെക്രട്ടറിമാർ നേരിട്ട് ഡൽഹിയിൽ പോയി പ്രശ്നം പരിഹരിച്ചുവെന്നും കുടിശിക സംസ്ഥാനസർക്കാർ വിതരണം ചെയ്തുവെന്നും ആ പണം ഇനി കേന്ദ്രം നൽകിയാൽ മതിയെന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്. എന്നാൽ പണം കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മന്ത്രിയുടെ ഭാര്യയടക്കമുള്ളവർ സമരത്തിനെത്തിയത്. മുൻ പാർലമെന്റ് അംഗം ഡോ. പി കെ ബിജു ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.ബിജുകുമാർ.കെ അദ്ധ്യക്ഷനായി.