
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാത്തലവൻ ഒാംപ്രകാശിനെ ഗോവയിൽ പൊലീസ് പിടികൂടി. മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെയാണ് തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റുചെയ്തത്. പാറ്റൂരിൽ നടന്ന ആക്രമണ കേസിലാണ് അറസ്റ്റ്. ഇയാൾ ഗോവയിലുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഗോവ പൊലീസിന്റെ സഹായത്തോടെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഉടൻ തിരുവനന്തപുരത്ത് എത്തിക്കും.
മാസങ്ങൾക്ക് മുൻപാണ് പാറ്റൂരിന് സമീപം ഒാംപ്രകാശും സംഘവും കാർ തടഞ്ഞുനിറുത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിലെ മറ്റു പ്രതികളെ പിടികൂടിയിരുന്നെങ്കിലും ഒാംപ്രകാശ് ഒളിവിൽപ്പോവുകയായിരുന്നു. ഗോവയിലെ കാസിനോകളിലും മറ്റും ഒളിവിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിയിട്ടും പിടികൂടാൻ സാധിച്ചിരുന്നില്ല. കേസന്വേഷിച്ച ലോക്കൽ പൊലീസിൽ നിന്ന് പലപ്പോഴും ഒാംപ്രകാശിന് വിവരം ചോർന്നുകിട്ടിയിരുന്നു. തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.