
നെയ്യാറ്റിൻകര: നവ കേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ സംസ്ഥാന ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 8 മുതൽ 10 വരെ നെയ്യാറ്റിൻകരയിൽ നടക്കും. പുരുഷ-വനിത വെറ്ററൻസ് വിഭാഗത്തിലെ 68ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിനാണിത്.
ജില്ലാ ചാമ്പ്യൻഷിപ്പ് നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 350ലേറെ കായിക താരങ്ങൾ പങ്കെടുക്കും. നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് ദിവസമായി നടക്കുന്ന മത്സരങ്ങളുടെ സമ്മാനദാനം 10ന് വൈകിട്ട് നടക്കും. ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികവുറ്റ കായിക താരങ്ങളെയാണ് സംസ്ഥാന ടീമായി പരിഗണിക്കുന്നത്. കെ.ആൻസലൻ എം.എൽ.എയാണ് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ജനറൽ കൺവീനർ. നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ചെയർമാനും എം.ജെ.ശ്രീകുമാർ ട്രഷററുമാണ്. സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം നെയ്യാറ്റിൻകര പ്രസ് ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ റഷീദ്, ഡോ.സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.