
തിരുവനന്തപുരം: വിധി തളർത്തിയിട്ടും പൊരുതി മുന്നേറുകയാണ് അഷ്ടമിയെന്ന എട്ടുവയസുകാരി. നടക്കാൻ കഴിയില്ലെങ്കിലും നൃത്തത്തോടാണ് അഭിനിവേശം. പാട്ടും ചിത്രരചനയുമാണ് കരുത്ത്.
ജനിച്ചപ്പോൾ തന്നെ സ്‌പൈനൽ കോഡിൽ മുഴയുണ്ടായിരുന്നു. ആറാമത്തെ മാസം മുതൽ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി. അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. അമ്മ ശരണ്യയും അച്ഛൻ പ്രവീണും തളർന്നില്ല. പാട്ടും നിറങ്ങളുമാണ് ഏറെഇഷ്ടമെന്ന് കണ്ടതോടെ രണ്ടും ശാസ്ത്രീയമായി പഠിപ്പിക്കാൻ തുടങ്ങി. പാട്ടും ചിത്രരചനയും മാത്രമല്ല, ഡാൻസും വഴങ്ങും. മുഖത്തെ ഭാവങ്ങൾ കൊണ്ടും കരചലനങ്ങൾകൊണ്ടും നൃത്തത്തെ വരുതിയിലാക്കി. പദചലനം മാത്രം സാധ്യമല്ല.
പേട്ട ഗവ.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഷ്ടമി പഠനത്തിലും ഒന്നാമതാണ്.
അദ്ധ്യാപിക സവിതയാണ് ഡാൻസിനോടുള്ള അവളുടെ അഭിനിവേശം തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം ഓണാഘോഷത്തിന് കസേരയിൽ ഇരുന്നു കൊണ്ട് ആദ്യമായി നൃത്തംചെയ്തു. നൃത്തം പരിശീലിക്കാൻ
യുട്യൂബും തുണയായി.
നിരവധി സ്റ്റേജ് പരിപാടികളിലും ടി.വി ഷോകളിലും പങ്കെടുത്തു. അച്ഛനും അമ്മയും എടുത്തു കൊണ്ടാണ് പോയിരുന്നത്. ഇപ്പോൾ ക്യാലിപ്പർ ഷൂവിന്റെ സഹായത്തോടെ പതുക്കെ നടക്കാൻ തുടങ്ങി. മെനിൻഞ്ചോ മൈലോസിസ് എന്ന രോഗമാണ് അരയ്ക്ക് താഴെ തളർത്തിയത്.
`ഡോക്ടർമാർ വലിയ പ്രതീക്ഷ നൽകിയിട്ടില്ലായിരുന്നു.എന്നാൽ കല വലിയ മാറ്റമാണ് അവൾക്ക് ഉണ്ടാക്കിയിരിക്കുന്നത്.
- ശരണ്യ,അമ്മ
ഒരുപാട് കഴിവുകൾ ഉള്ള കുട്ടിയാണ് അഷ്ടമി.ഒന്നിലും പിന്നോട്ടു പോകില്ല
-സവിത,
അദ്ധ്യാപിക