d

ഉദിയൻകുളങ്ങര: സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളിൽ മിക്കതിലും വനിത ഉദ്യോഗസ്ഥർ ഇല്ലാത്തത് എക്സൈസിനെ വലയ്ക്കുന്നു. മഞ്ചേശ്വരം, വാളയാർ, അമരവിള എന്നീ ചെക്ക്പോസ്റ്റുകളാണ് ഈ പ്രതിസന്ധിനേരിടുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരി കടത്ത് വ്യാപകമായ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പരിശോധന വേണ്ട ചെക്ക്പോസ്റ്റിനാണ് ഈ ദുർവിധി. വനിതാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന സ്ത്രീകളെ പരിശോധിക്കാൻ കഴിയാറില്ല. ഇതിന്റെ മറവിൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരിവസ്തുക്കൾ കടത്തുന്നതായാണ് പരാതി.

കേരള തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റായ അമരവിളയിൽ വാഹന പരിശോധനയ്ക്കിടയിൽ പിടിക്കപ്പെടുന്ന വാഹനങ്ങളിൽ സ്ത്രീകളുണ്ടെങ്കിൽ അവരെ പരിശോധിക്കാൻ കഴിയില്ല. ഇതിനാൽ സമീപത്തെ അഞ്ചു കിലോമീറ്ററിൽ ഉള്ളിലുള്ള എക്സൈസ് വനിത ജീവനക്കാരെ കാത്തിരിക്കേണ്ടതായ ദുർവിധിയിലാണ് അതിർത്തി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ.

 സൗകര്യങ്ങൾ ഒന്നുമില്ല

കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധിപേരെയാണ് എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കളുമായി പിടികൂടിയത്. ഇവിടെ ദിനവും നാല് ഷിഫ്റ്റുകളായാണ് ഉദ്യോഗസ്ഥർ എത്തുന്നത്. ഇതിൽ 6 പ്രവന്റീവ് ഓഫീസർമാരും 9 സിവിൽ എക്സൈസ്, ഓഫീസറും ഒരു സി.ഐ, 3 ഇൻസ്പെക്ടർമാർ, ഒരു ഡ്രൈവർ എന്നിങ്ങനെയാണ് ഉള്ളത്. എന്നാൽ അതിർത്തി ചെക്ക് പോസ്റ്റിൽ ഒരു വാഹനമില്ല. വനിതാ ഉദ്യോഗസ്ഥർ ഇല്ലാത്തതും വാഹനം ഇല്ലാത്തതും ലഹരികടത്തിന് പ്രചോദനം നൽകുന്നെന്നാണ് പരാതി.

ഓവർ ഡ്യൂട്ടിയും

വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർ അധികം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയിലാണ്.

നിലവിലെ ഉദ്യോഗസ്ഥർക്ക് പ്രാഥമിക കർമ്മം പോലും നിർവഹിക്കാൻ കഴിയാത്ത തരത്തിലാണ്ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം. ഇവിടെയുള്ള പുരുഷന്മാരയ ജീവനക്കാർക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സ്വകാര്യവ്യക്തിയുടെ ഒരു മുറി വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിലും ചെക്ക് പോസ്റ്റ് നിലവിൽ വന്നതിനു ശേഷം നാളിതുവരെയും വാടക നൽകാത്തതിനാൽ അതും നഷ്ടമാകുന്ന അവസ്ഥയിലാണ്.

 ആവശ്യങ്ങൾ

1.അതിർത്തിയിൽ പരിശോധന നടത്താൻ വനിത ഉദ്യോഗസ്ഥരെ നിയമിക്കണം

2. ചെക്ക് പോസ്റ്റിന് സ്വന്തമായി വാഹനം നൽകണം

3. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണം

4. പ്രാഥമിക ആവശ്യങ്ങൾക്കായുള്ള സൗകര്യം ഒരുക്കണം

 അപകടങ്ങളും

കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കു മുമ്പ് വാഹന പരിശോധനയ്ക്കിടെ ഒരു വാഹനം ഇടിച്ചു കയറി ഇവിടത്തെ ഒരു പ്രവന്റീവ് ഓഫീസറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഡിവൈഡർ, ഹംബ്, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കാത്തതാണ് ഉദ്യോഗസ്ഥരുടെ ജീവനും ഇപ്പോൾ ഭീഷണിയായി മാറിയിരിക്കുന്നത്.