
തിരുവനന്തപുരം : കരളിനെ ഗുരുതരമായി ബാധിച്ച് മരണത്തിലേക്ക് തള്ളിവിടുന്ന മാരക വൈറസായ ഹെപ്പറ്റെറ്റിസ്- ബിയെ തുടച്ചുനീക്കാനുള്ള കേരളത്തിന്റെ ദൗത്യം അന്തിമഘട്ടത്തിൽ. ഈ വർഷം രോഗബാധ .5 ശതമാനമായി കുറഞ്ഞെന്ന്
ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 200 പേരിൽ ഒരാൾക്ക് വീതം. കഴിഞ്ഞവർഷം ഇത്
നൂറിൽ ഒരാൾക്കായിരുന്നു.
1980കളിൽ ഭീതി പരത്തിയ ഹെപ്പറൈറ്റിസ് ബി കേരളത്തിൽ 5 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ചു വയസു വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ സൗജന്യമാക്കിയതും. വിപണിയിൽ കുറഞ്ഞ വിലയിൽ വാക്സിൻ ലഭ്യമായതുമാണ് കാരണം.2030ഓടെ രോഗം കേരളത്തിൽ നിന്ന് പൂർണമായി തുടച്ചു നീക്കാനാകുമെന്നാണ് പ്രതീക്ഷ. ഹെപ്പറൈറ്റിസ് ബി വ്യാപകമായിരുന്ന 1990 കാലഘട്ടങ്ങളിൽ 2000 രൂപയ്ക്ക് മുകളിലായിരുന്ന വാക്‌സിൻ വില. 1994-95 ൽ ശാന്താ ബയോടെക് 100 രൂപയ്ക്ക് എത്തിച്ചത് ആശ്വാസമായി.
സുരക്ഷിത ഇൻജക്ഷനും
ലൈംഗിക ബന്ധവും
തെറ്റായ ഇൻജക്ഷൻ രീതിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഹെപ്പറ്റൈറ്റിസ് ബിയുടെ പകർച്ചയ്ക്ക് പ്രധാന കാരണമായിരുന്നു. ഒരിക്കൽ ഉപയോഗിച്ച സിറിഞ്ച് അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുന്ന രീതി അവസാനിച്ചത് രോഗം ചെറുക്കുന്നതിൽ വലിയ പങ്കു വഹിച്ചു. എച്ച്.ഐ.വി പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ബോധവത്കരണവും പ്രതിരോധമായി.
രോഗം കുറഞ്ഞു:
മരുന്നിന് വില കൂടി
രോഗ വ്യാപനത്തിൽ കുറവുണ്ടായതോടെ മരുന്നിനും വില കൂടി. ഹെപ്പറ്റെറ്റിസ് ബി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വൈറൽ മരുന്നുകൾക്ക് നേരത്തെ ശരാശരി 800രൂപയായിരുന്നെങ്കിൽ , നിലവിൽ 1500ന് മുകളിലേക്ക് വിലയെത്തി. സംസ്ഥാനത്ത് അഞ്ചു വർഷം മുമ്പ് പ്രതിമാസം 8000 ഡോസ് വരെ മരുന്ന് വിറ്റഴിച്ചിരുന്ന സ്ഥാപനങ്ങളിൽ ഇപ്പോൾ 15 ആയി ചുരുങ്ങി.
20വർഷത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് ഹെപ്പറ്റെറ്റിസ് ബിയുടെ വ്യാപനത്തെ ചെറുക്കാൻ സാധിച്ചത്.
-ഡോ.എം.അൽത്താഫ്
പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ
തിരു.മെഡിക്കൽ കോളേജ്