തിരുവനന്തപുരം: എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ളതുപോലെ ആരാധിക്കാമെന്നും എന്നാൽ എല്ലാ മതങ്ങളുമായി സൗഹാർദം പുലർത്തണമെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി . പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിന്റെ 150ാം വാർഷിക സമാപനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മനുഷ്യർ മനുഷ്യരാണെന്ന് മനസിലാക്കണം. മതസൗഹാർദത്തിന്റെ പ്രതീകമായിരുന്ന ഒരുകാലമുണ്ടായിരുന്നു. കുട്ടിക്കാലത്ത് വിവിധ മതങ്ങളുടെ ആഘോഷത്തിന്റെ പ്രതിധ്വനി കൊട്ടാരത്തിലുണ്ടായിരുന്നു. കുട്ടിക്കാലത്ത് ക്രിസ്മസ് വേളയിൽ കത്തീഡ്രലുകളിൽനിന്നുള്ള സംഘങ്ങൾ കൊട്ടാരത്തിലെത്തി കരോൾ ഗാനങ്ങൾ പാടിയിരുന്നു. മുസ്ലിം ആരാധനാലയങ്ങളിൽനിന്നുള്ള ആഘോഷസംഘങ്ങളും കൊട്ടാരത്തിലെത്തിയിരുന്നുവെന്നും അശ്വതി തിരുനാൾ പറഞ്ഞു.
തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു. എമരിറ്റസ് ആർച്ച് ബിഷപ്പ് എം. സൂസെപാക്യം പ്രഭാഷണം നടത്തി. വികാരി ജനറൽ ഫാ. യൂജിൻ പെരേര, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, നടൻ കൊല്ലം തുളസി തുടങ്ങിയവർ സംസാരിച്ചു. ഗാന സന്ധ്യയും അരങ്ങേറി.