
തിരുവനന്തപുരം: പാലക്കാട് പട്ടാമ്പിക്കു സമീപം വാടാനാംകുറിശ്ശിയിൽ അയ്യപ്പന്റെയും ചെറോണയുടയെും മകനായി പാണസമുദായത്തിൽ പിറന്ന കുഞ്ഞാമനെ ബാല്യത്തിൽ നിഴൽ പോലെ പിന്തുടർന്നത് പട്ടിണിയും പ്രാരാബ്ധവുമായിരുന്നു. പഠിച്ചുയരണമെന്ന് മനസാൽ പ്രതിജ്ഞ ചെയ്തതിനാൽ ഈ പ്രതിസന്ധികളെ കഠിനാദ്ധ്വാനം കൊണ്ടു മറികടന്നു. ധിഷണയുടെ കരുത്തിൽ ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും ഭീമാകാരം പൂണ്ട് പ്രതിയോഗിയായി വഴിമുടക്കാൻ നിന്നത് ജാതി. അക്കാഡമികമായ ഔന്നത്യങ്ങൾ കീഴടക്കിയെങ്കിലും ജാതിവിവേചനത്തിന്റെ കയ്പുനീരും പീഡനങ്ങളും പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട് ഡോ. കുഞ്ഞാമന്.
മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണനു ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടുന്ന ദളിതനായിട്ടും പരവതാനി വിരിച്ച് മിന്നും പദവികളിലേക്ക് പിടിച്ചിരുത്താൻ ആളില്ലാതെ പോയതും ഈ ജാതിക്കുറുമ്പിന്റെ പിൻവിളിയാണ്. പക്ഷേ, നിർഭയം കുഞ്ഞാമൻ പൊരുതി തന്റെ ഇടമുറപ്പിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ച്, കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം റാങ്കോടെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. എം.എയ്ക്ക് റാങ്ക് കിട്ടിയപ്പോൾ അന്ന് മന്ത്രിമാരായിരുന്ന എം.എൻ. ഗോവിന്ദൻനായരും ടി.കെ. ദിവാകരനുമൊക്കെ പങ്കെടുത്ത് പാലക്കാട്ട് അനുമോദന സമ്മേളനം ചേർന്നു. അവിടെ ലഭിച്ച സ്വർണ്ണപ്പതക്കം അടുത്ത ദിവസം തന്നെ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്യേണ്ടി വന്നത് വീട്ടിലെ പട്ടിണിയുടെ അടയാളപ്പെടുത്തലായി കുഞ്ഞാമൻ തന്നെ തന്റെ ആത്മകഥയായ 'എതിരി' ൽ പറഞ്ഞിട്ടുണ്ട്. വിശപ്പിന്റെ വിളിയിൽ റാങ്കിന്റെ പൊലിമയ്ക്ക് സ്ഥാനമില്ലാതെ പോയി. ജീവിതത്തിലെ തിക്താനുഭവങ്ങളിൽ കാച്ചിക്കുറിക്കിയാണ് അദ്ദേഹം ആത്മകഥയും ചമച്ചത്. എതിര് -ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം" എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ, നന്ദിപൂർവം അത് നിരസിച്ചത്, ധിക്കാരമല്ല, മറിച്ച് കുഞ്ഞാമനെന്ന കലാപകാരിയുടെ മനസാണ്.
പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത മനസായിരുന്നു അദ്ദേഹത്തിന്റേതെന്ന് സാമ്പത്തിക കാര്യവിദഗ്ദ്ധനും ഗുലാത്തി ഇൻസ്റ്രിറ്റ്യൂട്ടിലെ മുൻ പ്രൊഫസറുമായ ഡോ. ജോസ് സെബാസ്റ്ര്യൻ അനുസ്മരിക്കുന്നു. ഒരു പക്ഷേ, ഏതെങ്കിലും സർവകലാശാലയുടെ വി.സി. പദവിയിലോ, പ്ളാനിംഗ് ബോർഡിന്റെ തലപ്പത്തോ ഒക്കെ എത്താൻ സർവ്വഥാ യോഗ്യനായിരുന്നു അദ്ദേഹം. പല രാഷ്ട്രീയ പാർട്ടികളുടെയും നിർബ്ബന്ധമുണ്ടായിട്ടും അദ്ദേഹം ഒരു പദവിക്ക് പിന്നാലെയും പോയില്ല. മനുഷ്യ സ്നേഹത്തിന് വലിയ വില കല്പിച്ചിരുന്നു. ജനങ്ങളുടെ കൂടെ നിന്ന് വിഷയങ്ങൾ മനസിലാക്കാനും വിമർശനാത്മകമായി അവയെ സമീപിക്കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ജാതി മതചിന്തകൾക്ക് അതീതമായി യുവഗവേഷകരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കാനും അവർക്കൊപ്പം നിരന്തരം സംവദിക്കാനും താത്പര്യപ്പെട്ടിരുന്ന വലിയ മനസിന് ഉടമയായിരുന്നു അദ്ദേഹമെന്നും ജോസ് സെബാസ്റ്റ്യൻ അനുസ്മരിച്ചു.
വിദ്യാർത്ഥികളോട് എപ്പോഴും വാത്സല്യപൂർവം പെരുമാറിയിരുന്ന നല്ല അദ്ധ്യാപകനും മനുഷ്യസ്നേഹിയുമായിരുന്നു ഡോ. കുഞ്ഞാമനെന്ന് കാര്യവട്ടം കാമ്പസിലെ അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർത്ഥിയും ഗ്രാമവികസന വകുപ്പ് മുൻ ജോയിന്റ് കമ്മിഷണറുമായ ജി. കൃഷ്ണകുമാർ പറഞ്ഞു.