
വർക്കല: നവകേരള സദസ് മണ്ഡലതല വിളംബര ഘോഷയാത്ര വർക്കലയിൽ അഡ്വ.വി.ജോയി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പുന്നമൂട് നിന്ന് ആരംഭിച്ച ഘോഷയാത്ര റെയിൽവേ സ്റ്റേഷൻ വഴി വർക്കല മൈതാനത്ത് സമാപിച്ചു. തെയ്യം,കഥകളി വേഷങ്ങൾ,ഒപ്പന,കോൽക്കളി,ദഫ് മുട്ട്,വഞ്ചിപ്പാട്ട്, മത സൗഹാർദ്ദ കലകൾ, ഗോജുറിയു വർക്കല കരാട്ടെ സെന്ററിലെ വിദ്യാർത്ഥികളുടെ കരാട്ടെ പ്രകടനം, എൻ.സി.സി- എസ്.പി.സി യൂണിറ്റുകളുടെ പരേഡ് , വനിതകൾ അവതരിപ്പിച്ച പഞ്ചാരിമേളം എന്നിവയും അണിനിരന്നു.
ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ, തഹസിൽദാർ അജിത്ത് ജോയി, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,വൈസ് പ്രസിഡന്റ് ലെനിൻരാജ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്, ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ കൂട്ടായ്മകൾ, തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പാപനാശം ബീച്ചിൽ ബീച്ച് വോളിബാൾ ടൂർണമെന്റും ഇതിനോടനുബന്ധിച്ച് നടന്നു. വരും ദിവസങ്ങളിൽ സംവാദങ്ങൾ, നാടൻപാട്ട്, മെഗാ തിരുവാതിര, മിനി മാരത്തോൺ, കബഡി, ബാഡ്മിന്റൺ, വോളിബാൾ ടൂർണമെന്റുകൾ, സൈക്കിൾ റാലി തുടങ്ങിയ പരിപാടികളുണ്ടാകും. 20ന് വൈകിട്ട് 5ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് നവകേരള സദസ് നടക്കുന്നത്.