arrested

കാസർകോട്: ആശുപത്രി പരിസരത്തു നിർത്തിയിട്ടിരുന്ന ആംബുലൻസ് മോഷ്‌ടിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ കള്ളൻ പിടിയിലായി. പൊലീസ് പിന്തുടരുന്നതിനിടയിലാണ് മോഷ്‌ടിച്ച ആംബുലൻസ് മതിലിൽ ഇടിച്ചത്.

ഉപ്പള ത്വാടി, നൗഫൽ മൻസിലിലെ മുഹമ്മദ് നൗഫൽ എന്ന സവാദി (21)നെയാണ് മഞ്ചേശ്വരം എസ്.ഐ നിഖിലും സംഘവും പിടികൂടിയത്. ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസാണ് മോഷണം പോയത്. പച്ചിലംപാറയിലെ മുഹമ്മദ് റിയാസിന്റേതാണ് ആംബുലൻസ്. താക്കോൽ അകത്തു വച്ച് സമീപത്തെ കടയിലേയ്ക്ക് പോയതായിരുന്നു മുഹമ്മദ് റിയാസ്. തിരിച്ചെത്തിയപ്പോൾ ആംബുലൻസ് കണ്ടില്ല. ഉടൻ തന്നെ മഞ്ചേശ്വരം പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ നിഖിലും സംഘവും ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ പിന്തുടർന്നു. ഇതിനിടയിൽ ആംബുലൻസ് ബഡാജെ ചൗക്കിയിൽ എത്തിയിരുന്നു. അമിതവേഗത്തിൽ ഓടുന്നതിനിടയിൽ ആംബുലൻസ് ഉദയ ഷെട്ടി എന്നയാളുടെ പറമ്പിന്റെ മതിലിൽ ഇടിച്ചു. അപകട ശബ്ദം കേട്ട ആൾക്കാർ കൈയോടെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിൽ പൊലീസുമെത്തി, തുടർന്ന് മോഷ്‌ടാവിനെയും, ആംബുലൻസും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് മാറ്റി. ചോദ്യം ചെയ്യലിനു ശേഷം മുഹമ്മദ് നൗഫലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.