
മലയിൻകീഴ് : മുഖ്യമന്ത്രിയ്ക്ക് അഭിനന്ദന കത്ത് എഴുതി എം.എൽ.എ.യ്ക്ക് കൈമാറി 105 വയസുകാരൻ. 22.ന് കാട്ടാക്കട മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിന് ക്ഷണിക്കാനാണ് ഐ.ബി.സതീഷ്.എം.എൽ.എ.യും സംഘാടകരും ജനപ്രതിനിധികളും
വിളപ്പിൽ ചൊവ്വള്ളൂർ വാർഡിലുൾപ്പെട്ട നെടുങ്കുഴി കണികാണുംപാറ ജിത്തു ഭവനിൽ ജയിംസിനെ(105)കാണാനെത്തിയത്.വിളപ്പിൽശാല സാങ്കേതിക സർവകലാശാലാ ആസ്ഥാനം അനുവദിച്ചതിലുള്ള സന്തോഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നൽകാൻ, 'ഞാൻ അഭിമാനിക്കുന്നു' എന്ന് തുടങ്ങുന്ന അഭിനന്ദനകത്ത് .
ജയിംസിന് സ്കൂൾ പഠനമില്ല.എന്നാൽ 2022-ൽ നടന്ന തുല്യതാ പരീക്ഷയിൽ ജയിംസ് 150-ൽ 150 മാർക്കും നേടിയിരുന്നു. മുത്തച്ഛൻ പ്രായത്തിലും പരീക്ഷയിലും ഒന്നാമനായി. ഇപ്പോഴും കണ്ണടയില്ലാതെ ജയിംസിന് എഴുത്തും വായനയും വഴങ്ങും.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,നവകേരള സദസ് കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ ഷീജാബീഗം, നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിപി.ആർ.അജയഘോഷ്, മീഡിയ ചെയർപേഴ്സണും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റുമായ ടി.മല്ലിക,മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, ചൊവ്വള്ളൂർ വാർഡ് അംഗം ചന്ദ്രബാബു,ബി.ആർ.സി .കോ-ഓഡിനേറ്റർ ശ്രീകുമാർ തുടങ്ങിയവരും എം.എൽ.എ.യ്ക്ക് ഒപ്പമെത്തിയിരുന്നു.