1

വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15ന്റെ മാതൃകയെ കുപ്പിക്കുള്ളിലാക്കി കലാകാരൻ. പത്തനംതിട്ട തിരുവല്ല കല്ലൂപ്പാറ കോലാനിക്കൽ സ്വദേശി കെ.കെ.പ്രദീപ് കുമാർ (40) എന്ന കലാകാരനാണ് തടിയുപയോഗിച്ച് കുപ്പിക്കുള്ളിൽ കപ്പലിന്റെ മാതൃക നിർമ്മിച്ചത്.ആദ്യ കപ്പലെത്തി മടങ്ങിയെങ്കിലും പൂർണരൂപം നേരിൽ കാണാൻ കഴിഞ്ഞില്ല.മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കപ്പലിന്റെ വിവിധ ഫോട്ടോകൾ ശേഖരിച്ച് അതു നോക്കിയാണ് മാതൃക നിർമ്മിച്ചത്. ചെറു കഷ്ണങ്ങളായി നിർമ്മിച്ച മാതൃക ഇടുങ്ങിയ കുപ്പി കഴുത്തിലുള്ളിലൂടെ ഈർക്കിലിന്റെ സഹായത്തോടെ കടത്തിയ ശേഷം ഫെവിക്കോൾ ഉയോഗിച്ച് ഒട്ടിച്ച് ചേർക്കുകയായിരുന്നു.

ഒരു ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒരു ഷിപ്പ് ടു ഷോർ ക്രെയിനും 3 യാർഡ് ക്രെയിനുകളും ഉൾപ്പെട്ടതാണ് കുപ്പിക്കുള്ളിലെ കപ്പൽ.മുൻപും നിരവധി രൂപങ്ങൾ കുപ്പിക്കുള്ളിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്തരം രൂപനിർമ്മാണത്തിന് അതിസൂക്ഷ്മതയും ക്ഷമയും വേണമെന്ന് പ്രദീപ് പറഞ്ഞു. ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത് വിവിധ കപ്പലുകളുടെ മാതൃകയാണ്. കൂടാതെ കെട്ടു വള്ളം,ശിവലിംഗം,നിലവിളക്ക് എന്നിവയും ആവശ്യക്കാർക്കായി ചെയ്തു നൽകിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ വരെ കുപ്പിരൂപങ്ങൾ വിറ്റിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു.കുപ്പിയിലെ രൂപങ്ങളുടെ നിർമ്മാണത്തിന് പുറമെ ചിത്രരചനയും പെൻസിൽ ചെത്തിമിനുക്കി ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്.ഇന്ദ്രിയം സിനിമയിൽ കലാസംവിധാനം ചെയ്തിട്ടുള്ള പ്രദീപ് നിരവധി ഷോർട്ട് ഫിലിമുകൾക്കും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കലാസംവിധായകനായ സാബു സിറിളിന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. ചിത്രകല പഠിച്ചിട്ടില്ലെന്നും സ്കൂൾ തലങ്ങളിൽ നിരവധി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. ഇപ്പോൾ വിഴിഞ്ഞത്ത് ഫ്ളെക്സ് പ്രിന്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് 20 വർഷമായി കോവളത്ത് കുടുംബവുമായി വാടകയ്ക്ക് താമസിക്കുകയാണ്

പ്രദീപ് കുമാറിന്റെ ഫോൺ നമ്പർ:7907850498.