തിരുവനന്തപുരം: 'നമുക്ക് വേണ്ടതെല്ലാം ഇവിടെ ഉണ്ടായിരുന്നു. ഭക്ഷണം,താമസം,സമാധാനപരമായ അന്തരീക്ഷം...വി വിൽ മിസ് ട്രിവാൻഡ്രം..' വാക്കുകൾ തൃശൂർ സ്വദേശി കല്പനയുടേതാണ്. നാല് ദിവസം നീണ്ടുനിന്ന 55-ാമത് സംസ്ഥാന ശാസ്ത്രമേളയിലെ പ്രവൃത്തിപരിചയ മത്സരത്തിൽ കല്പനയുടെ മകൾ ആതിര പങ്കെടുത്തിരുന്നു. മേള സമാപിച്ചതോടെ ഇവർ ഇന്നലെ നാട്ടിലേക്ക് വണ്ടികയറി.
മികച്ച സംഘാടനമായിരുന്നു ആതിഥേയരായ തലസ്ഥാനത്തിന്റേതെന്ന് മത്സരാർത്ഥികളും രക്ഷാകർത്താക്കളും പറയുന്നു. ഏഴു സ്‌കൂളുകളിലായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്. സെക്കൻഡറി,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിൽ ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയ,ഐ.ടി വിഭാഗങ്ങളിലായി 180 ഇനം മത്സരങ്ങൾ നടന്നു. ഓരോ വേദിയിലും എൻ.എസ്.എസ്,എൻ.സി.സി വോളന്റിയർമാരെ സജ്ജമാക്കിയിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കാനും സംഘാടകർ ശ്രദ്ധിച്ചു.