
ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടെണ്ണുന്നതിനു മുമ്പ് നഗരത്തിലെ താജ് കൃഷ്ണ ഹോട്ടലിൽ കർണ്ണാടത്തിലെ കാവേരിയുടെ നാല് സ്ലീപ്പർ ബസുകൾ എത്തി. ഇതേ ഹോട്ടലിൽ തമ്പടിച്ചിരുന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറായിരുന്നു ബസുകൾ എത്തിച്ചത്. തങ്ങളുടെ എം.എൽ.എമാർ മറുകണ്ടം ചാടാതെ 'സുരക്ഷിതമാക്കി' മാറ്റി നിറുത്താനാണ് ബസുകൾ തയ്യാറാക്കിയത്.
'എം.എൽ.എമാർക്കുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവർ സുരക്ഷിതരാണ്. അവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിർ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ ഞങ്ങൾക്കറിയാം. ആരെയും മറുകണ്ടം ചാടിക്കാൻ അവർക്കാവില്ല. ഒരാളുടേതല്ല, എല്ലാവരുടെയും നേതൃത്വത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ അജണ്ടയിൽ തുടരും", ശിവകുമാർ മാദ്ധ്യമങ്ങളോടു പറഞ്ഞു.