
തിരുവനന്തപുരം: പാശ്ചാത്യ ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദത്തെ അളക്കരുതെന്ന് പരിസ്ഥിതി പ്രവർത്തക ഡോ. വന്ദന ശിവ പറഞ്ഞു. അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ പര്യാവരൺ ആയുർവേദ എന്ന വിഷയത്തിൽ നടന്ന പ്ലീനറി ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ ചികിത്സാരീതികളെയും ഒരുപോലെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പൊളിറ്റിക്കൽ ലീഡർഷിപ്പ് സോളിഡാരിറ്റി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ആയുർവേദം മാറിക്കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ളീനറി ചർച്ചയിൽ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി പ്രസിഡന്റ് ഡോ. അജയൻ സദാനന്ദൻ, രാജസ്ഥാനിലെ റിട്ട. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ് നാരായൺ പാണ്ഡെ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ ഡോ. ടി. സജീവ്, ബംഗളൂരുവിലെ വിവേകാനന്ദ യോഗ അനുസന്ധാൻ വൈസ് ചാൻസലർ ഡോ.ബി.ആർ.രാമകൃഷ്ണ, പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.ലീഡർഷിപ്പ് സോളിഡാരിറ്റി മീറ്റിൽ ബി.ജെ.പി നേതാവ് ജോർജ് കുര്യൻ,എ.എം.എ.ഐ സെക്രട്ടറി കെ.സി.അജിത് കുമാർ,ഡോ.ഇട്ടുകുഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിവൽ നാളെ സമാപിക്കും.