
കഴക്കൂട്ടം: നവകേരള സദസിനോട് അനുബന്ധിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. കരിക്കകം ഗവ.ഹൈസ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. ചെറുവയ്ക്കൽ,ഞാണ്ടൂർക്കോണം,ഉള്ളൂർ,കരിക്കകം,കടകംപള്ളി,ആക്കുളം,ആറ്റിപ്ര വാർഡുകളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മെഡിക്കൽകോളേജ്,ഡെന്റൽ കോളേജ്,സർക്കാർ കണ്ണാശുപത്രി,പുലയനാർകോട്ട നെഞ്ചുരോഗാശുപത്രി,പുലയനാർകോട്ട ഡയബറ്റിക് സെന്റർ,ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി,ടി.എസ്.സി,സി.എസ്.ഐ മിഷൻ,ജി.ജി ഹോസ്പിറ്റൽ,ദിവ്യപ്രഭ,ചൈതന്യ,വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ്.ജെ.മോറിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നവകേരള സദസ് മെഡിക്കൽ സബ് കമ്മിറ്റി ചെയർമാൻ കല്ലറ മധു,മെഡിക്കൽ സബ് കമ്മിറ്റി കൺവീനർ ഡോ.അൽത്താഫ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ ബീന, സംഘാടക സമിതി ഓർഗനൈസിംഗ് സെക്രട്ടറി എസ്.പി.ദീപക്, മെഡിക്കൽ ഓഫീസർമാരായ ഡോ.ഗീത, ഡോ.ശ്രീദേവി, വാർഡ് ചെയർമാൻ സുരേഷ്‌കുമാർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.