തിരുവനന്തപുരം: ഗോവയിൽ നിന്ന് പിടികൂടിയ ഗുണ്ടാനേതാവ് ഓംപ്രകാശിനെ ഇന്ന് തലസ്ഥാനത്തെത്തിക്കും. തലസ്ഥാനത്തെ പൊലീസിന് നാണക്കേടുണ്ടാക്കി പിടികിട്ടാപ്പുള്ളിയായി സുഖവാസകേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഓം പ്രകാശിനെ പിടികൂടിയതോടെ നാണക്കേട് ഒഴിവായിരിക്കുകയാണ്.

പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ ഓംപ്രകാശിനെ ഗോവയിലെ റിസോർട്ടിൽ നിന്ന് ശനിയാഴ്ച രാത്രി 8ഓടെയാണ് പിടികൂടിയത്.

റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ സംഘങ്ങളുടെ കുടിപ്പകയും ഇത്തരം സംഘങ്ങളുമായി പൊലീസിലെ ഉന്നതർക്കുള്ള ചങ്ങാത്തവുമാണ് ഗുണ്ടാസംഘങ്ങൾ തഴച്ചുവളരുന്നതിന് കാരണമെന്ന് പരക്കെ സംസാരമുണ്ടായിരുന്നു. ഓം പ്രകാശിനെ ഇതുവരെ പിടികൂടാൻ കഴിയാതെ പോയതിന് കാരണവും പൊലീസിലെ ഒരു വിഭാഗത്തിന്റെ സംരക്ഷണമാണെന്നും ആരോപണമുയർന്നിരുന്നു.

ഇന്ന് തലസ്ഥാനത്തെത്തിക്കുന്ന ഓം പ്രകാശിനെ അറസ്‌റ്റ് രേഖപ്പെടുത്തി വൈകിട്ടോടെ കോടതിയിൽ ഹാജരാക്കാനാണ് സാദ്ധ്യത. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുമ്പോഴും തലസ്ഥാനത്തെ റിയൽ എസ്‌റ്റേറ്റ് കച്ചവടങ്ങളിൽ ഓംപ്രകാശ് ഇടപ്പെട്ടിരുന്നതായും അതിൽ നിന്നുള്ള പണമുപയോഗിച്ച് സുഖവാസ കേന്ദ്രങ്ങൾ മാറി താമസിക്കുന്നതായും പൊലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 9ന് പുലർച്ചെ പേട്ട സ്റ്റേഷൻ പരിധിയിൽ പാറ്റൂരിന് സമീപം കൺസ്ട്രക്ഷൻ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുകളായ ആദിത്യ,ജഗതി സ്വദേശി പ്രവീൺ,പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ കാർ തടഞ്ഞുനിറുത്തി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ ഒളിവിൽ പോയത്.

മേട്ടുകട സ്വദേശികളും സഹോദരങ്ങളുമായ ആസിഫും ആരിഫുമായി നിഥിനുണ്ടായ സാമ്പത്തിക തർക്കങ്ങളാണ് അക്രമത്തിന് കാരണമായാത്. ഇതേ തുടർന്ന് ജനുവരി എട്ടിന് നിഥിന്റെ നേതൃത്വത്തിലുള്ള സംഘം ആസിഫിന്റെയും ആരിഫിന്റെയും വീടുകയറി ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ നിഥിനും സംഘവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിറുത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.