തിരുവനന്തപുരം: കരിമഠം കോളനിയിൽ ലഹരിമാഫിയക്കെതിരെ പോരാടിയ യുവാവിനെ ലഹരി സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്ന് ദിവസങ്ങൾക്കകം നഗരമദ്ധ്യത്തിൽ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ വീണ്ടും ഗുണ്ടാ ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ഡയമണ്ട് കുട്ടനും മൂന്നംഗ സംഘവുമാണ് ഇന്നലെ തെരുവിൽ അഴിഞ്ഞാടിയത്. കമ്പിയും കരിങ്കല്ലും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ അജിത്,മനു,അപ്പൂ,സഞ്ജു എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പള്ളത്ത്കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം.
പ്രതികളുടെ ഏരിയയിലെത്തിയെന്ന കാരണം പറഞ്ഞായിരുന്നു നാലുപേരെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. 'ഇനി നിങ്ങളെ ഇവിടെ കണ്ടാൽ കൊന്ന് ആറ്റിലെറിയും' എന്നുപറഞ്ഞായിരുന്നു ആക്രമണം തുടങ്ങിയത്. ആദ്യം മനുവിന്റെ ബൈക്ക് ചവിട്ടി താഴെയിട്ടു,​ പിന്നാലെ കരിങ്കൽക്കഷ്ണമെടുത്ത് തലയ്‌ക്കടിച്ചു . ഒന്നാം പ്രതിയായ ഡയമണ്ട് കുട്ടൻ കൈയിൽ കരുതിയിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. കുത്തേറ്റ് അജിത്തിന്റെ മുതുകിൽ മുറിവുണ്ടായി. പിന്നാലെ മൂന്നാം പ്രതി അജിത്തിന്റെ തല പിടിച്ചുവച്ച് കരിങ്കല്ല് ഉപയോഗിച്ച് അടിക്കാനും ശ്രമം നടത്തി.
അക്രമിസംഘം ഏറെനേരം കൊലവിളി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ടാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിലെ ഒന്നാം പ്രതി ഡയമണ്ട് കുട്ടൻ ഒരു ക്രിമിനൽ കേസിൽപെട്ട് ജയിലിലായിരുന്നു. അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. കരിമഠം കോളനിയിലെ സംഭവത്തിന് ശേഷവും പൊലീസ് ഇടപെടൽ ഫലപ്രദമാകാത്തതാണ് പ്രതികൾക്ക് സഹായകമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഫോർട്ട് പൊലീസ് കേസെടുത്തു.