വിതുര: ഗ്രാമങ്ങളിൽ മഴ മാനത്ത് കണ്ടാൽപ്പിന്നെ വൈദ്യുതി നോക്കണ്ട. ഈ അവസ്ഥ തുടങ്ങിയിട്ട് കാലങ്ങളായി. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലാണ് വൈദ്യുതി വിതരണം അടിക്കടി മുടങ്ങുന്നത്. മാനം കറുത്താൽ മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയോരമേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഒപ്പം ചില ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും. ഇതോടെ പകലും രാത്രിയിലുമായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. വിതുരയെ അപേക്ഷിച്ച് തൊളിക്കോട് പഞ്ചായത്തിലാണ് കൂടുതൽ വൈദ്യുതിവിതരണം തടസപ്പെടുന്നത്. അറ്റകുറ്റപണികളുടെ പേരിലും വൈദ്യുതി നിലയ്ക്കുന്നുണ്ട്.

വിതുര, തൊളിക്കോട് ഇലക്ട്രിക്സിറ്റി ഓഫീസുകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ലൈനുകൾക്ക് മീതെയുള്ള മരശിഖരങ്ങൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും മഴയും കാറ്റും വന്നാൽ ലൈനുകൾക്കു മീതെ വീണ്ടും ശിഖരങ്ങൾ വീഴുന്നതും പതിവാണ്. പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലയിൽ കൂടി കടന്നുപോകുന്ന ലൈനുകളിൽ ശിഖരങ്ങൾ വീണും ഉരസിയും ട്രിപ്പ് ആകുന്നത് പതിവാണെന്ന് വൈദ്യുതി വകുപ്പ് മേധാവികൾ പറയുന്നു.

കാറ്റോ മഴയോ വന്നാൽ ഉടൻ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്ന സ്ഥിതിയാണിപ്പോൾ.

 പ്രശ്നം ഇവിടെ

പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിൽ

 പരാതി പ്രളയം

വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. വൈദ്യുതി വിതരണം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. മഴക്കാലമായാൽ വിതുര, പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ തൊളിക്കോട് മേഖലകളിൽ വൈദ്യുതി തടസപ്പെടുക പതിവാണ്. ഇതുസംബന്ധിച്ച് അനവധിതവണ വൈദ്യുതി വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്. പേപ്പാറയിൽ പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുമ്പോഴും തൊളിക്കോട്, വിതുര പഞ്ചായത്തിൽ അധിവസിക്കുന്നവർ ഇരുട്ടിൽത്തപ്പേണ്ട അവസ്ഥയിലാണ്. മഴയായതോടെ വൈദ്യുതി ജീവനക്കാർക്ക് ജോലിഭാരവും വർദ്ധിച്ചിട്ടുണ്ട്.

 വകുപ്പിനും കനത്ത നഷ്ടം

മഴയായതോടെ മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണുമാണ് വൈദ്യുതി വിതരണം നിലയ്ക്കുന്നത്. വനമേഖലയിൽ കൂടി കടന്നുപോകുന്ന ലൈനുകളിലാണ് കൂടുതലും പ്രശ്നങ്ങളുണ്ടാകുന്നത്. വൈദ്യുതി മുടങ്ങിയാൽ കാറ്റും മഴയും ഇടിമിന്നലും വകവയ്ക്കാതെ മണിക്കൂറുകളോളം ജീവൻ പണയംവച്ചാണ് ജീവനക്കാർ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതെന്നാണ് വൈദ്യുതിവകുപ്പ് മേധാവികൾ പറയുന്നത്. മാത്രമല്ല പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും വീഴുന്നതുമൂലം വൈദ്യുതിവകുപ്പിനും കനത്ത നഷ്ടമുണ്ട്.