
പാലോട്: പ്രതികൂല കാലാവസ്ഥയിലും റബർ ടാപ്പിംഗ് നടക്കുന്നുണ്ടെങ്കിലും വിലയിടിവിനെ തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിൽ റബർ ടാപ്പിംഗിന് മുടക്കമില്ല. പതിനായിരക്കണക്കിന് പേരുടെ ഉപജീവനമാർഗം കൂടിയാണ് റബർ.
ആദിവാസി മേഖലകളിലെയും പ്രധാന വരുമാന മാർഗം റബർ തന്നെ. ഇവിടെയും പട്ടിണിയുടെ പിടിയിലാണ്. ടാപ്പിംഗ് മുറ പോലെ നടക്കുമ്പോൾ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാറില്ല. ഫലത്തിൽ ജോലിയുണ്ട്, കൂലിയില്ല എന്ന സ്ഥിതിയിലാണ്. കൂലി കൊടുക്കാൻ കഴിയാതെ വന്നതോടെ ചിലയിടങ്ങളിൽ ടാപ്പിംഗ് മുടങ്ങുന്നുണ്ട്. റബറിന് മികച്ച വിലയുണ്ടായിരുന്നപ്പോൾ ആയിരക്കണക്കിന് പേരാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ റബർ കടകൾ നടത്തിപ്പുകാർ വൻ പ്രതിസന്ധിയിലായി. വിലവർദ്ധന വന്നപ്പോൾ ശേഖരിച്ച റബർ ഇപ്പോൾ വിലയിടിവിനെ തുടർന്ന് വിൽക്കാൻ കഴിയാത്ത നിലയിലായി. ഇതോടൊപ്പം ലക്ഷങ്ങളുടെ കടബാദ്ധ്യതയും ഓരോ ചെറുകിട വ്യാപാരിക്കുമുണ്ട്.
ഫലത്തിൽ റബർ മരത്തെ നോക്കി കണ്ണീർ പൊഴിക്കേണ്ട അവസ്ഥയാണെന്നാണ് ടാപ്പിംഗ് തൊഴിലാളികളും റബർ കർഷകരും പറയുന്നത്.
സ്വപ്നങ്ങൾ തകർത്ത് വിലയിടിവ്
നിലവിൽ മിക്ക ടാപ്പിംഗ് തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. ചെറുകിട റബർ കർഷകരുടെ അവസ്ഥയും വിഭിന്നമല്ല.വിൽക്കാൻ കഴിയാതെ വീടുകളിൽ ആയിരക്കണക്കിന് റബർഷീറ്റും ഒട്ടുപാലും കെട്ടിക്കിടക്കുകയാണ്. റബർ മരങ്ങൾ പാട്ടത്തിനെടുത്തവരുടെയും നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. ബാങ്കിൽ നിന്നും മറ്റും ലോൺ എടുത്തും, പലിശക്കെടുത്തുമാണ് മിക്കവരും ഒരു തൊഴിൽ എന്ന നിലയിൽ റബർ പാട്ടത്തിനെടുത്തത്. എന്നാൽ റബർ വിലയിടിവ് ഇവരുടെ സ്വപ്‌നങ്ങൾ തകർത്തു.
കെട്ടിക്കിടക്കുന്നത് കിലോക്കണക്കിന്
വീടുകളിൽ കിലോക്കണക്കിന് റബർ ഷീറ്റും, ഒട്ടുപാലും കെട്ടിക്കിടക്കുകയാണ്. അടുക്കിവച്ചിരിക്കുന്ന റബർ ഷീറ്റിനെ നോക്കി പട്ടിണികിടക്കേണ്ട അവസ്ഥയാണ് നിലവിൽ കർഷകർക്ക്. റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ സ്ഥിതിയും പരിതാപകരം തന്നെ.