വിഴിഞ്ഞം: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കോവളം ആയുർവേദ ഡിസ്‌പെൻസറിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തം. വിഴിഞ്ഞം നഗരസഭാ സോണൽ ഓഫീസിനു സമീപത്ത് പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയാണ് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്. ദിവസവും നൂറിലേറെപേർ ചികിത്സയ്ക്ക് എത്തുന്ന സ്ഥലമാണിത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലിക്കിടെയുണ്ടാവുന്ന പരിക്കുകൾക്കും ജോലിസംബന്ധമായ അസുഖങ്ങൾക്കും അവരുടെ തൊഴിലിന് മുടക്കം വരാതെയുള്ള ചികിത്സാസംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 10 കിടക്കയോടുകൂടിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തീര സദസിനോടനുബന്ധിച്ച് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നഗരസഭാ വാർഡ് കൗൺസിലർമാർ മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെയും നടപടിയായില്ല. നിലവിൽ ഉച്ചവരെ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയിൽ ഉച്ചയ്ക്കുശേഷം വരുന്നവർക്ക് ചികിത്സ നല്കാൻ സാധിക്കില്ല. 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചാൽ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഉപകാരമാകുമെന്നാണ് ഇവർ പറയുന്നത്.
മാർഗരേഖ
ആയുർവേദ ഡിസ്പെൻസറിയെ തീരദേശ ആശുപത്രിയാക്കുന്നതിനോ അല്ലെങ്കിൽ പോളിക്ലിനിക് ആക്കി മാറ്റുന്നതിനോ ഉള്ള മാർഗരേഖ മെഡിക്കൽ ഓഫീസർ തയാറാക്കി ഫിഷറീസ് വകുപ്പ് അധികൃതർക്ക് നൽകി. വകുപ്പ് അംഗീകരിച്ചാൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ആയുർ സാഗര സാന്ത്വനം
ആയുർ സാഗര സ്വാന്ത്വനം എന്ന പേരിൽ പ്രത്യേക പദ്ധതി ഇവിടെയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് തൊഴിലിനിടെ പറ്റുന്ന പരിക്ക് ചികിത്സിക്കാൻ തീരദേശത്തു തന്നെ സൗകര്യം വേണമെന്ന ആഗ്രഹത്താലാണ് അയുർവേദ സാഗര സാന്ത്വനം എന്ന ആശയം നഗരസഭയുടെ അനുമതിതോടെ ഇവിടെ നടക്കുന്നത്.
എന്നാൽ സാധാരണ ആയുർവേദ ആശുപത്രികളിൽ മാത്രം ലഭിക്കാറുള്ള ചികിത്സകളായ പഞ്ചകർമ്മ തെറാപ്പി, മർമ്മ തെറാപ്പി, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സകൾ ഈ ഡിസ്പെൻസറിയിൽ സൗജന്യമായി നൽകിയിരുന്നെങ്കിലും നിലവിൽ മെയിൽ തെറാപ്പിസ്റ്റില്ലാത്തതിനാൽ പ്രവർത്തനം നിലച്ചു. രണ്ടര വർഷത്തോളമായി നടന്നുവരുന്ന ഈ പദ്ധതി വഴി അഞ്ഞൂറിലധികം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകിയിരുന്നു. ഇത് പുനനരാരംഭിക്കണമെന്നും ആവശ്യമുണ്ട്.
കുട്ടികൾക്കായി പ്രത്യേക പദ്ധതി
തീരദേശത്തെ സ്കൂളുകളിലെ സ്പോർട്സിൽ പങ്കാളികളായ വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് പൊലീസിനുമായി ഇൻജ്വറി മാനേജ്മെന്റ് പദ്ധതിയും ഇവിടെ നടപ്പിലാക്കിയിരുന്നു. സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുണ്ടെങ്കിലും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണ്. 10 കിടക്കകളോടുകൂടിയ സജ്ജീകരണങ്ങളുള്ള ആശുപത്രിയാക്കി മാറ്റണമെന്നാണ് ആവശ്യം.
കോർപ്പറേഷന്റെ വിഴിഞ്ഞം, കോട്ടപ്പുറം, ഹാർബർ എന്നീ വാർഡുകളുൾപ്പെടുന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഡിസ്പെൻസറിയുടെ സേവനം കൂടുതലായും പ്രയോജനപ്പെടുന്നത്.