kj

തിരുവനന്തപുരം: ജോ,റെക്സ്,ബ്രൂസ്,ടോണി,നളൻ,അരീക്ക...അത്ര കേട്ട് പരിചയമില്ലാത്തവരാണെങ്കിലും ആറുപേരും

ജനപ്രിയ സിനിമാതാരങ്ങളാണ്. പക്ഷേ മനുഷ്യരല്ലെന്നുമാത്രം...സെലിബ്രറ്റീ നായ്ക്കളാണ്. സിനിമാ താരമാണെന്ന ജാഡയൊന്നും ഈ നായ്ക്കൾക്കില്ല. ന്നാ താൻ കേസ് കൊട്, ഓ ബേബി,പൊറിഞ്ചു മറിയം ജോസ് തുടങ്ങി നാല്പതോളം സിനിമകളിലാണ് ഇവർ അഭിനയിച്ചത്.

ആറ്റുകാൽ സ്വദേശി അരുണിന്റെ (31) അരുമ നായ്ക്കളാണിവർ. നാടൻ മുതൽ വിദേശയിനം നായ്ക്കൾ വരെ അരുണിന്റെ പക്കലുണ്ട്. അരുൺ സുഹൃത്തുക്കളുമായി ചേർന്ന് ആരംഭിച്ച കാലടിയിലെ എൻഫോഴ്സ് കെനയൺ ട്രെയിനിംഗ് സ്കൂൾ, പാച്ചല്ലൂരിൽ പോസ് ആൻഡ് വാഗ്സ് എന്നിവിടങ്ങളിൽ നായ്ക്കൾക്ക് ട്രെയിനിംഗും നൽകുന്നുണ്ട്.

ഹോസ്റ്റലും സ്വിമ്മിംഗ് പൂളും അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ നായ്ക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം ശ്രദ്ധനേടിയ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഓ ബേബി'യിൽ വെള്ളയാനായി എത്തിയിരിക്കുന്നത് അരുൺ പരിശീലിപ്പിച്ച നളനാണ്. രാജപാളയം ഇനത്തിൽപ്പെട്ട നായയാണ് നളൻ. മാസ്റ്രർ പീസ് എന്ന സീരീസിലെ കോകോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബീഗിൾ ഇനത്തിൽപ്പെട്ട ജോയും സൻഫീർ സംവിധാനം ചെയ്ത് പീസ് എന്ന ചിത്രത്തിലെ ബ്രാഡിയായി എത്തിയ ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട റെക്സും അരമനൈ 4ൽ അഭിനയിച്ച ടോബി എന്ന ലാബ്രഡോറും എല്ലാം അരുണിന്റെ 'വിദ്യാർത്ഥികളാണ്'.

അഞ്ചുമാസമായ വാക്സിനേഷൻ പൂർത്തിയാക്കിയ നായ്ക്കൾക്കാണ് പരിശീലനം തുടങ്ങുന്നത്. താമസവും ആഹാരവുമടക്കം രണ്ടുമാസത്തെ പരിശീലനത്തിന് 25000 രൂപയാണ് ഈടാക്കുന്നത്. തെരുവിൽ നിന്നെടുക്കുന്ന നാടൻ നായ്ക്കൾക്കും പരിശീലനം നൽകുന്നുണ്ട്. റോട്ട്‌വീലർ,ബെൽജിയൻ മെലനോയിസ്,സെയിന്റ് ബെ‌ർണാഡ് തുടങ്ങിയ ഇനങ്ങളും അരുണിനുണ്ട്. ഇക്ണോമിക്സ് ബിരുദധാരിയായ അരുൺ വാലാട്ടികളുടെ റിംഗ്‌മാസ്റ്ററാകാൻ തീരുമാനിക്കുകയായിരുന്നു. നായ്ക്കൾക്കായി റസ്റ്റോറന്റും പാർക്കും കൂടി ഒരുക്കാനുള്ള ശ്രമത്തിലാണിപ്പോൾ അരുൺ.