
സംഭവം മാറനല്ലൂരിൽ പ്രതികളെ പൊലീസ് പിടികൂടി
മലയിൻകീഴ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടും 15ലേറെ വാഹനങ്ങളും അടിച്ചുതകർത്തു. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ സംഘം ആക്രമണ പരമ്പര നടത്തിയത്.
സി.പി.എം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിന്റെ നേതൃത്വത്തിൽ വിഷ്ണു, പ്രദീപ് എന്നിവരടങ്ങുന്ന സംഘം അഭിശക്തിന്റെ കാറിലെത്തി മണ്ണടിക്കോണം കുമാറിന്റെ വീടിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. അടുത്തിടെ സി.പി.എം വിട്ട കുമാർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കുമാറിന്റെ വീടിന്റെ ജനൽ ഗ്ലാസുകളും വാതിലുമാണ് തകർത്തത്. ബ്രാഞ്ച് സെക്രട്ടറി അഭിശക്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കുമാർ മാറനല്ലൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ അഭിശക്ത്,വിഷ്ണു,പ്രദീപ് എന്നിവരെ മാറനല്ലൂർ പൊലീസ് പിടികൂടി. കുമാറിന്റെ വീട് ആക്രമിച്ച ശേഷം പ്രതികൾ പാൽക്കുന്ന് ആശുപത്രിക്കു സമീപം ശാന്തിദൂതിൽ അജീഷിന്റെ കാർ, ചൈതന്യ ഗ്രന്ഥശാലയ്‌ക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്,വണ്ടന്നൂർ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിന്റെ ഗ്ലാസ്, പാപ്പാകോട് അജയന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് ഒാട്ടോയുടെ ഗ്ലാസ്,ശിവന്റെ ഉടമസ്ഥതയിലുള്ള ടോറസ് ലോറിയുടെ ഗ്ലാസ്,മണ്ണടിക്കോണത്ത് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ്ഓട്ടോ,ചെന്നിയോട് റോഡരകിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട്ട് അഞ്ചുസെന്റ് പുരയിടത്തിലെ വിളവെടുക്കാറായ മരച്ചീനിയും വെട്ടി നശിപ്പിക്കുകയും പ്രദേശത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങളും സംഘം തകർത്തിട്ടുണ്ട്.
വണ്ടന്നൂർ,പാൽക്കുന്ന്,ലേലാരിയോട്,ചെന്നിയോട്,മദർ തെരേസ നഗർ തുടങ്ങി അഞ്ചുകിലോമീറ്റർ ചുറ്റളവിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളാണ് സംഘം അടിച്ചുതകർത്തത്. മദ്യലഹരിയിൽ അക്രമിസംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വാഹനങ്ങൾ അടിച്ചുതകർക്കുകയായിരുന്നെന്നും ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നും കാട്ടാക്കട ഡിവൈ.എസ്.പി ഷിബു പറഞ്ഞു.