തിരുവനന്തപുരം: അർഹതയുള്ളവരിലേക്ക് യഥാർത്ഥ സംവരണം എത്തണമെങ്കിൽ ജാതി സെൻസസ് അടിയന്തരമായി നടപ്പാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ യോഗം ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് നടന്ന സെൻസസിന്റെ കണക്കുകൾ വച്ചാണ് ജാതി,മതവിഭാഗങ്ങൾക്കുള്ള സംവരണം തുടരുന്നത്. ജനസംഖ്യയിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. എന്നാൽ ഓരോ മതവിഭാഗത്തിലും എത്രത്തോളം വർദ്ധനയുണ്ടായിട്ടുണ്ടെന്നതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അതിനാൽ പല മതവിഭാഗങ്ങളും ജാതികളും അനർഹമായ നിലയിൽ സംവരണാനുകൂല്യം അനുഭവിച്ചുവരികയാണ്. ഈ സ്ഥിതി ഒഴിവാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.പി.അമ്പീശൻ,വലിയതുറ ഷിബു,എസ്.എസ്.സതീശൻ, ബി.കോമളകുമാർ എന്നിവർ സംസാരിച്ചു. പ്രമോദ് കോലത്തുകര സ്വാഗതവും രമേശൻ തെക്കേയറ്റം നന്ദിയും പറഞ്ഞു.