1

പൂവാർ: ചിരിത്ര പ്രസിദ്ധമായ അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രത്തിന് മുന്നിലും ജംഗ്ഷനിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തുറക്കാതായിട്ട് വർഷം ഒന്നാകാൻ പോകുന്നതായി നാട്ടുകാർ. ശ്രീനാരായണ ഗുരുദേവൻ ആദ്യമായി ബാലാലയ പ്രതിഷ്ഠ നടത്തിയ നയിനാർ ദേവ ക്ഷേത്രത്തിന്റെ നവതി ( 90-ാം വാർഷികം) ആഘോഷങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ക്ഷേത്ര പരിസരത്തെയും ജംഗ്ഷനിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ അടിയന്തരമായി കത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ശശി തരൂർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 343000 രൂപ ചെലവഴിച്ചാണ് 2017ൽ ക്ഷേത്ര പുഴയുടെ സമീപത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ക്ഷേത്രോത്സവ സമയത്ത് റോഡ് നവീകരിച്ചപ്പോൾ അറ്റുപോയ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാത്തതാണ് ലൈറ്റ് കത്താതിരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ പറയുന്നു. ജംഗ്ഷനിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് ശശി തരൂർ എം.പിയുടെ തന്നെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനം നിശ്ചലമായിട്ട് 8 മാസം കഴിയുന്നു. ലൈറ്റുകൾ പൊട്ടിയും പൊളിഞ്ഞും ഒടിഞ്ഞുതൂങ്ങിയ അവസ്ഥയിലാണ്. രാത്രി കാലങ്ങളിൽ ജംഗ്ഷൻ ഇരുട്ടിലമരും. ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർ ബസിറങ്ങി വീടുകളിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുന്നതായും പരാതിയുണ്ട്.

ജനുവരി 8ന് ആരംഭിച്ച് 17ന് ആറാട്ടോടെ സമാപിക്കുന്ന അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രോത്സവത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ രണ്ട് ലൈറ്റുകളും പ്രകാശിപ്പിക്കാൻ നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറി ദീപു അരുമാനൂർ ആവശ്യപ്പെട്ടു.